കോട്ടയം: കേരളത്തില്‍ ഭീകരാക്രമണത്തിന് ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) പദ്ധതി തയാറാക്കിയതിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നതിനിടെ നിലപാട് ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഐഎസ് പ്രവര്‍ത്തനത്തെ അടിവേരോടെ നശിപ്പിക്കാന്‍ എന്‍ഐഎയ്ക്ക് കേന്ദ്രനിര്‍ദേശം.
കേരളവും തമിഴ്നാടും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക ഭീകരസംഘടനകള്‍ക്ക് ശക്തമായ സാന്നിധ്യമുണ്ടെന്ന് വ്യക്തമായതോടെയാണ് കേന്ദ്രത്തിന്റെ ഈ നീക്കം. ഇതോടെ എന്‍ഐഎയും കടുത്ത നടപടികളുമായി നീങ്ങുകയാണ്.
ആഗോള ഭീകരസംഘടയായ ഐഎസ് കേരളത്തിലും തമിഴ്നാട്ടിലും വന്‍ സ്ഫോടന പരമ്പരകള്‍ നടത്താന്‍ തന്നെ പദ്ധതിയിട്ടിരുന്നുവെന്ന്് ബുധനാഴ്ച കോയമ്പത്തൂരില്‍ അറസ്റ്റിലായ മുഹമ്മദ് അസറുദ്ദീന് സമ്മതിച്ചു. ദക്ഷിണേന്ത്യയിലെ നീക്കങ്ങളുടെ സൂത്രധാരനെന്ന് എന്‍ഐഎ സംശയിക്കുന്ന ഇയാളെ ഇന്നലെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ്് ചെയ്തു. ഇയാള്‍ക്കൊപ്പം അഞ്ചു പേര്‍ക്കെതിരെയും എന്‍ഐഎ കേസ് എടുത്തിരുന്നു. കോയമ്പത്തൂര്‍ സദേശികളായ മൂന്നു പേര് കൂടി കൊച്ചി എന്‍ഐഎയുടെ വലയിലുണ്ടെന്നാണ് സൂചന.
ഐഎസിനു പുറമേ ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയവയുടെ സ്ലീപ്പര്‍ സെല്ലുകളും ദക്ഷിണേന്ത്യയില്‍ സജീവമാണ്. ഈ സംഘടനകളുമായി ബന്ധപ്പെട്ട് ഐബിയും, എന്‍ഐഎയും റെയ്ഡുകളില് പിടിച്ചെടുത്ത തെളിവുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. ഇവ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടി സ്വീകരിക്കാനാണ് എന്‍ഐഎക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ ഏഴിടങ്ങളില്‍ റെയ്ഡ് നടത്തിയത്.എന്‍ഐഎയുടെ ചെന്നൈ, കൊച്ചി യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ദക്ഷിണേന്ത്യയില്‍ പരിശോധനകള്‍ നടക്കുന്നത്. ഐബിയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. വരും ദിവസങ്ങളിലും റെയ്ഡുകള്‍ തുടരും. ഇതിനുള്ള വിശദമായ ചാര്‍ട്ട് എന്‍ഐഎ തയാറാക്കിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ചില സ്ഥലങ്ങളില്‍ എന്‍ഐഎ രഹസ്യമായി പരിശോധന നടത്തിക്കഴിഞ്ഞു.
ചിലരെ എന്‍ഐഎ പ്രത്യേകം നിരീക്ഷിക്കുന്നുമുണ്ട്. ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതു പോലെ പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളിലേക്കും ദക്ഷിണേന്ത്യയില്‍ നിന്ന് ആളുകള്‍ എത്തുന്നുണ്ട്. കോയമ്പത്തൂരിലെ റെയിഡിന് ശേഷം മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ഐഎസ് അനുഭാവികളായ ഉക്കടം അന്‍പുനഗര്‍ അബ്ദുള്‍ ജാഫറിന്റെ മകന് ഷാജഹാന്,ഉക്കടം അയൂബ് ഖാനിന്റെ മകന്മുഹമ്മദ് ഹുസൈന്,കരിമ്പുക്കടെ യാക്കൂബിന്റെ മകന്ഷെയ്ഖ് സഫിയുള്ള എന്നിവര്‍ക്കെതിരെയാണ് പോത്തനൂര്‍ പോലീസ് കേസെടുത്തത്.
മലയാളികളായ ഏഴു യുവാക്കള്‍ പാക്കിസ്ഥാന് ഭീകരകേന്ദ്രങ്ങളില്‍ എത്തിയിട്ടുണ്ടെന്ന് ദേശീയ ഏജന്‍സികള്‍ മുമ്പ് കണ്ടെത്തിയിരുന്നു. ഭീകരപ്രവര്‍ത്തനത്തില്‍ പ്രതികളായ മലയാളികളടക്കമുള്ളവര്‍ക്ക് പാക്കിസ്ഥാനിലെ ഭീകരസംഘടനകളാണ് അഭയം നല്‍കിയിരിക്കുന്നത്.
മുഹമ്മദ് അസറുദ്ദീന്റെ പദ്ധതി ആരാധനാലയങ്ങളില്‍ ഭീകരാക്രമണത്തിന്
കൊച്ചി: എന്‍ഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് അസറുദ്ദീന് ആരാധനാലയങ്ങളില്‍ സ്ഫോടനം നടത്താനുള്ള ഐഎസ് പദ്ധതിയുടെ സൂത്രധാരന്‍. ഐഎസ് കോയമ്പത്തൂര്‍ ഘടകത്തിലെ പ്രധാനിയാണ് മുഹമ്മദ് അസറുദ്ദീന്. കോയമ്പത്തൂരിലെ ആറിടങ്ങളിലായി എന്‍ഐഎ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത മറ്റ് അഞ്ചു പേരുടെ ചോദ്യം ചെയ്യല്‍ തുടരും.
ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് ഐഎസിന്റെ കോയമ്പത്തൂര്‍ ഘടകത്തെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിക്കുന്നത്. കാസര്‍കോട്ടെ ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ എന്‍ഐഎ സംഘത്തിന് ആദ്യം ലഭിക്കുന്നത്.
ശ്രീലങ്കന്‍ സ്ഫോടനം ആസൂത്രണം ചെയ്ത സഹ്റാന്‍ ഹാഷിമിന്റെ സംഘടനയായ തൗഹീദ് ജമാ അത്തിന് തമിഴ്നാട്ടില്‍ വേരുകളുണ്ടെന്ന് എന്‍ഐഎക്ക് നേരത്തെ തന്നെ വിവരമുണ്ടായിരുന്നു. ഐഎസ് തമിഴ്നാട് ഘടകം രൂപീകരിക്കാന്‍ നേതൃത്വം നല്കിയ മുഹമ്മദ് അസറുദ്ദീനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഹമ്മദ് അസറുദ്ദീനുമായി ബന്ധപ്പെട്ടിരുന്ന ഏതാനും മലയാളി യുവാക്കള്‍ക്കായും അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: