പ്രകൃത്യധികരണം തുടരുന്നു
സൂത്രം ആത്മകൃതേ: പരിണാമാത്
താന്‍ തന്നെ ചെയ്തു എന്ന് പറയുന്നതിനാല്‍ പരിണാമം കൊണ്ട് അത് സാധിക്കുന്നു.
തൈത്തിരീയത്തില്‍ ‘ആത്മാനം സ്വയമകരുത’ ആ ബ്രഹ്മം തന്നെത്തന്നെ സൃഷ്ടിച്ചുവെന്ന് കാണുന്നതിനാല്‍ കര്‍തൃത്വവും കര്‍മ്മത്വവും ബ്രഹ്മത്തില്‍ തന്നെയാണ്.
മുമ്പേ തന്നെയുള്ളതും കര്തൃത്വത്തില് ഉദ്ദേശിച്ചിരിക്കുന്നതുമായ വസ്തുവിന് കര്‍മ്മത്വം എങ്ങനെയുണ്ടാകും എന്ന് ചോദിക്കുകയാണെങ്കില്‍ അത് പരിണാമം മൂലം എന്ന് അറിയണം. സ്വയം എന്ന വാക്ക് കൊണ്ട് പരിണാമത്തിന് മറ്റൊന്നിന്റെയും വേണമെന്നില്ല എന്ന് വ്യക്തമാക്കുന്നു. അതിനാല്‍ ബ്രഹ്മം തന്നെ നിമിത്തകാരണവും ഉപാദാനകാരണവുമായിരിക്കുന്നു.
ചില വ്യാഖ്യാതാക്കള്‍ ആത്മകൃതേ: എന്നും പരിണാമാത് എന്നും രണ്ട് സൂത്രങ്ങളായി ഇതിന് പരിച്ചിട്ടുണ്ട്.
ആത്മകൃതേ എന്നതുകൊണ്ട് ബ്രഹ്മം സ്വയം ജഗത്തായിത്തീരുന്നുവെന്നു പറയുന്നു.
പരിണാമാത് എന്നാല്‍ ബ്രഹ്മം തന്നെ ജഗത്തായി പരിണമിച്ചുവെന്നും അര്‍ത്ഥം.
ജഗത്തായിത്തീരുന്നതിന് മുമ്പ് ബ്രഹ്മം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ‘സദേവ സോമ്യേദമഗ്ര ആസീത് ‘ എന്ന് ശ്രുതി വ്യക്തമാക്കുന്നുമുണ്ട്.
തൈത്തിരീയത്തില്‍ ‘തത് സൃഷ്ട്വാ തദേവാനുപ്രാവിശത്….. ‘
പരമാത്മാവ് ജഗത്തിനെ സൃഷ്ടിച്ച് ഓരോന്നിലും പ്രത്യേകം പ്രവേശിച്ചു എന്ന് പറയുന്നു.ബ്രഹ്മത്തില്‍ നിന്ന് അന്യമായി ജഗത്ത് എന്ന ഒന്നില്ല തന്നെ. അങ്ങനെയെങ്കിലും കാരണം പോലും പറയേണ്ടതില്ല.
അതിനാല്‍ ബ്രഹ്മം തന്നെ ജഗത്തിന്റെ നിമിത്ത, ഉപാദാനകാരണം.
സൂത്രം യോനിശ്ച ഹി ഗീയതേ
യോനിയായിട്ടും പറയപ്പെടുന്നുണ്ടല്ലോ
ബ്രഹ്മം ജഗത്തിന്റെ ഉത്പത്തി സ്ഥാനമാണെന്നും വേദാന്തത്തില്‍ പറയുന്നു. മുണ്ഡകോപനിഷത്തില്‍ ‘കര്ത്താരമീശം പുരുഷം ബ്രഹ്മയോനിം’ എന്നും ‘യത് ഭൂതയോനിം പരിപശ്യന്തി ധീരാ: ‘ എന്നും പറയുന്നു. ജഗത്തിന്റെ യോനി അഥവാ ഉത്പത്തി സ്ഥാനമായാണ് ഇതില്‍ വിവരിക്കുന്നത്.
യോനി ശബ്ദം ഉപാദാനകാരണത്തേയും കുറിക്കുന്നു.
മുണ്ഡകത്തില്‍ ‘യഥോര്ണ്ണനാഭി: സൃജതേ ഗൃഹ്ണതേച’ എട്ടുകാലി തന്നില്‍ നിന്ന് നൂലിനെ ഉണ്ടാക്കുകയും തന്നില്‍ തന്നെ ലയിക്കുകയും ചെയ്യുന്നതു പോലെ ഈശ്വരന്റെ ജഗത് സൃഷ്ടി. ഈശ്വരന് തന്നില്‍ നിന്ന് ജഗത്തിനെ ഉണ്ടാക്കി തന്നില്‍ തന്നെ ലയിപ്പിക്കുന്നു എന്ന് പറയുമ്പോള്‍ ബ്രഹ്മത്തിന് ഉപാദാനകാരണത്വവും ഉണ്ടാകുന്നു. ഈശ്വരന്റെ ഉപാദാനകാരണം സാധാരണ ലോകത്തില്‍ കാണുന്നത് പോലെയല്ല. അത് ശ്രുതി പ്രമാണ പ്രകരം കാണേണ്ടതാണ്. ശ്രുതിയും ഈശ്വരന് ഉപാദാനകാരണത്വം പറയുന്നു.
സര്വവ്യാഖ്യാനാധികരണം
ഒന്നാം അദ്ധ്യായത്തിലെ നാലാംപാദത്തിലെ അവസാനത്തേതായ
ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമാണുള്ളത്.
സൂത്രം ഏതേന സര്വേവ്യാഖ്യാതാ വ്യാഖ്യാതാ:
ഇത്രയും പറഞ്ഞതുകൊണ്ട് എല്ലാ പൂര്വപക്ഷങ്ങളും നിശ്ചയമായും വ്യാഖ്യാനിക്കപ്പെട്ടു കഴിഞ്ഞു.
ഒന്നാം അദ്ധ്യായത്തിലെ ഒന്നാം പാദത്തിലെ അഞ്ചാം സൂത്രമായ ‘ഈ ക്ഷതേര്ന്നാ…’ മുതല്‍ സാംഖ്യന്മാരുടെ പ്രധാനം എന്ന കാരണവാദത്തെ നിഷേധിക്കുകയാണ് ചെയ്തത്. ബ്രഹ്മമാണ് ജഗത്കാരണം എന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് ഇത്. പ്രധാനവാദക്കാരുടെ എല്ലാ തരത്തിലുള്ള വാദമുഖങ്ങള്‍ക്കും തുടര്‍ന്നുള്ള സൂത്രങ്ങളിലൂടെ സമാധാനം നല്കുന്നു.ഇത് പ്രധാന വാദത്തോട് ചേര്‍ന്ന് നില്ക്കുന്ന മറ്റ് വാദങ്ങളേയും ഖണ്ഡിക്കലാണ്. വൈശേഷികരുടെ പരമാണു കാരണവാദവും നൈയായികമാരുടെ വാദവും ഇതില്‍പെടും. രണ്ടു തവണ വ്യാഖ്യാതാ എന്ന് പറഞ്ഞത് അദ്ധ്യായം അവസാനിച്ചതിനെ കാണിക്കാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: