ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നും ഇതേക്കുറിച്ച് ബിജെപി നേതൃത്വവുമായി ചര്‍ച്ച ചെയ്തതായും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം വിശ്വാസി സമൂഹം ഏറ്റെടുത്തു. പക്ഷെ അതിന്റെ ഫലം കൊയ്തത് യുഡിഎഫാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ ഏകീകരണമാണ് യുഡിഎഫിന് നേട്ടമായതെന്നും കണിച്ചുകുളങ്ങരയില്‍ ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലില്‍ തുഷാര്‍ പറഞ്ഞു.
ശബരിമല വിഷയം ബാധിച്ചത് അംഗീകരിക്കാന്‍ എല്‍ഡിഎഫ് തയാറാകാത്തത് അപഹാസ്യമാണ്. തെറ്റ് തിരുത്തിയില്ലെങ്കില്‍ ഉപതെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകും. പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്കായി സമാഹരിച്ച തുക ദുരിത ബാധിതര്‍ക്ക് നല്‍കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തി. ഇത് തുറന്നു കാട്ടാന്‍ ബിഡിജെഎസ് ശക്തമായ സമരം നടത്തും. ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ച് മണ്ഡലം-ജില്ലാതല കണ്‍വന്‍ഷനുകള്‍ നടത്തും. ഇതിന്റെ മുന്നോടിയായി ഭവന സന്ദര്‍ശനവും കാല്‍നടപ്രചരണ ജാഥയും 15ന് തുടക്കം കുറിക്കുമെന്ന് തുഷാര്‍ പറഞ്ഞു.
















