തിരുവനന്തപുരം: സല്‍പ്പേരുണ്ടെന്നുവച്ചു സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ വരേണ്ടന്നായിരുന്നു കഴിഞ്ഞവര്‍ഷം ഇ ശ്രീധരന് മന്ത്രി ജി.സുധാകരന്‍ നല്‍കിയ മുന്നറിയിപ്പ്. കരാര്‍ ചോദിച്ചുവാങ്ങാന്‍ ശ്രീധരന് എന്തധികാരമെന്നും ശീധരന്‍ പഞ്ചായത്ത് മെമ്പര്‍ പോലുമായിട്ടില്ലല്ലോ എന്നുമൊക്കയായിരുന്നു മെട്രോ പദ്ധതികളില്‍ നിന്ന് ഡിഎംആര്‍സിയെ ഓടിക്കാന്‍ സുധാകരന്‍ പറഞ്ഞ വാദങ്ങള്‍. നയപരമായ കാര്യങ്ങളില്‍ ഇ.ശ്രീധരന്‍ ഇടപെടേണ്ടെന്നു സുധാകരന്‍ പറഞ്ഞു. പക്ഷേ സര്‍ക്കാര്‍ വിളിച്ചു വരുത്തി ശ്രീധരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊന്നാട അണിയിച്ചപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി സുധാകരനും സാക്ഷിയായി
നിര്‍മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയ പാലാരിവട്ടം മേല്‍പ്പാലം സംബന്ധിച്ച് ഉപദേശം തേടാനാണ് സര്‍ക്കാര്‍ ഇ.ശ്രീധരനെ വിളിച്ചു വരുത്തിയത്. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പാലം പരിശോധിക്കണമെന്നും യോഗത്തിനു ശേഷം തുടര്‍നടപടി മതിയെന്നായിരുന്നു തീരുമാനം. പാലം കോണ്‍ക്രീറ്റ്്സ്പെഷലിസ്റ്റിനെകൊണ്ട് പരിശോധിപ്പിക്കണമെന്ന് ശ്രീധരന്‍ ആവശ്യപ്പെട്ടു. മദ്രാസ് ഐഐടിയുടെ സാങ്കേതിക സഹായത്തോടെയാണ് പാലാരിവട്ടം പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നത്. പണി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ ഉപദേശം തേടിയത്.
പാലാരിവട്ടം മേല്‍പാലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്ന് ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മാറ്റിപ്പണിയുന്നതു മാത്രമാണ് ഉചിത മാര്‍ഗം. ഗര്‍ഡറുകളെല്ലാം മാറ്റണം. പുതിയവ ഉപയോഗിക്കണം. ഇളക്കം തട്ടിയ ഗര്‍ഡറുകള്‍ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ല. പാലങ്ങള്‍ക്ക് 100 വര്‍ഷത്തിനു മീതെ ആയുസ്സ് വേണ്ടതാണ്. പൊടിക്കൈകള്‍ കൊണ്ടു പാലം നിലനിര്‍ത്തുന്നതു ശരിയല്ല എന്നതായിരുന്നു ശ്രീധരന്റെ നിലപാട്.
പാലത്തിന്റെ ഡിസൈന്‍ തന്നെ തെറ്റാണ്. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഇവിടെ വേണ്ടവിധം ഉണ്ടായോയെന്നു സംശയമുണ്ട്. ഗര്‍ഡറുകള്‍ കൂട്ടിയിണക്കാന്‍ ആവശ്യത്തിനു ഡയഫ്രം ഉപയോഗിക്കാത്തതാണു വാഹനം പോകുമ്പോള്‍ പാലം ഇളകുന്നതിനുള്ള മുഖ്യകാരണം. എന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.
















