തൃശൂര്‍: പൂരം പഞ്ചവാദ്യ പ്രമാണിയും പ്രശസ്ത തിമില വിദ്വാനുമായ അന്നമനട പരമേശ്വര മാരാര്‍ (67)അന്തരിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം അന്നമനട പഞ്ചായത്ത് ഹാളില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാലുമണിയോടെ പാമ്പാടി ഐവര്‍മഠത്തില്‍.
തോട്ടുപുറത്ത് രാമന്നായരുടേയും അന്നമനട പടിഞ്ഞാറെ മാരാത്ത് പാറുക്കുട്ടി മാരാസ്യാരുടേയും മകനായി 1952ലായിരുന്നു ജനനം. കലാമണ്ഡലത്തിലെ ആദ്യകാല വിദ്യാര്‍ഥിയായ ഇദ്ദേഹം കലാമണ്ഡലം പഞ്ചവാദ്യവിഭാഗത്തില് അധ്യാപകനുമായിരുന്നു. മഠത്തില്‍വരവ് പഞ്ചവാദ്യത്തില്‍ ദീര്‍ഘനാള്‍ മേളപ്രമാണിയായിരുന്നു. നാലര പതിറ്റാണ്ടോളം തിരുവമ്പാടിയുടെ വാദ്യത്തില്‍ പങ്കാളിയാവുകയും ഒരു പതിറ്റാണ്ടിലേറെ മഠത്തില്‍ വരവിന്റെ പ്രമാണിയാവുകയും ചെയ്തു. പല്ലാവൂര്‍ പുരസ്കാരം, കേരള സംഗീതനാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്നമനട പരമേശ്വര മാരാര്‍(സീനിയര്‍), പല്ലാവൂര്‍ മണിയന് മാരാര്‍, പല്ലാവൂര്‍ കുഞ്ഞുക്കുട്ടന് മാരാര്‍ എന്നിവരാണു ഗുരുക്കന്മാര്. പല്ലാവൂര്‍ സഹോദരന്മാര്, ചോറ്റാനിക്കര നാരായണമാരാര്‍ തുടങ്ങിയ പ്രഗത്ഭര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ പലതവണ പഞ്ചവാദ്യത്തില്‍ പങ്കെടുത്തിട്ടുണ്ട്. 2003ല്‍ ആണ് തൃശൂര്‍ പൂരത്തിലെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിന്റെ പ്രമാണം അന്നമനട പരമേശ്വര മാരാര്‍ക്ക് ലഭിച്ചത്.
ഗുരുനാഥനായ അന്നമനട പരമേശ്വര മാരാര്‍(സീനിയര്‍) ചിട്ടപ്പെടുത്തിയ 1792 അക്ഷരകാല താളവട്ടം പുനരാവിഷ്ക്കരിച്ചത് ഇദ്ദേഹമായിരുന്നു. 2006 ഒക്ടോബര്‍ രണ്ടിന് അന്നമനട ത്രയം സ്മൃതിയോടനുബന്ധിച്ച് അന്നമനട മഹാദേവക്ഷേത്രത്തിലാണിത് അരങ്ങേറിയത്.
തിമിലപഠനത്തിനുള്ള പാഠ്യപദ്ധതി പരിഷ്കരിച്ചതും ഇദ്ദേഹമായിരുന്നു. ഇത് കലാമണ്ഡലത്തിലെ പഠന സിലബസിലും ഉള്‍പ്പെടുത്തിയിരുന്നു. കൂട്ടിക്കൊട്ടലുകളില്‍ തിമിലയുടെ തോം കാരവും, മദ്ദളത്തിന്റെ ധീം കാരവും ചേര്‍ത്ത് പഞ്ചവാദ്യത്തെ വിഭവസമൃദ്ധമാക്കുന്നത് മാരാരുടെ മാത്രം പ്രത്യേകതകളായിരുന്നു. താളവട്ടത്തിന്റെ ഇരട്ടികള്‍ കൊട്ടാതെ ഇടതൂര്‍ന്ന വിന്യാസങ്ങളും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു.
ഭാര്യ: കൊടകര കാവില്‍ മാരാത്ത് ശാന്ത മാരാസ്യാര്, മക്കള്‍: കലാമണ്ഡലം ഹരീഷ്, കല, സന്ധ്യ. മരുമക്കള്‍: തായമ്പക കലാകാരി നന്ദിനി വര്‍മ്മ, സുനില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: