പത്തനംതിട്ട : ശബരിമലയില്‍ പ്രതിഷ്ഠാദിന പൂജകള്‍ക്ക് തുടക്കമായി. സഹസ്രകലശം, കളഭാഭിഷേകം, പടിപൂജ, ഉദയാസ്തമനപൂജ, ലക്ഷാര്‍ച്ചന, പുഷ്പാഭിഷേകം എന്നിവയാണ് പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി നടക്കുന്നത്. പൂജകള്‍ക്ക് ശേഷം ഇന്ന് രാത്രി പത്തിന് ഹരിവരാസനം പാടി നടയടയ്‌ക്കും.
പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് നട തുറന്നത്. ഇന്നലെ പ്രത്യേക പുജകള്‍ ഉണ്ടായിരുന്നില്ല. ഇന്നാണ് പ്രതിഷ്ഠാദിനചടങ്ങുകള്‍ നടത്തുക. മിഥുന മാസ പൂജകള്‍ക്കായി ക്ഷേത്രനട വീണ്ടും 15 ന് വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.
നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും ഉണ്ടാകില്ല. മിഥുനം ഒന്നാം തീയതിയായ 16ന് രാവിലെ നട തുറന്ന് നിര്‍മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകവും പതിവ് പൂജകളും നടക്കും. ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉണ്ടാകും. 20 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്‌ക്കും.
















