പള്ളുരുത്തി: ഇടക്കൊച്ചി പ്രദേശത്ത് വ്യാപകമായി തണ്ണീര്‍തടങ്ങളും കായലും വന്‍തോതില്‍ കൈയേറുന്നതായി പരാതി. ഭൂമാഫിയയുടെ നേതൃത്വത്തില്‍ നടക്കുന്ന കൈയേറ്റങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടേയും ചില ജനപ്രതിനിധികളുടേയും പിന്തുണയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വേമ്പനാടു കായലിന്റെ തീരത്തോടുചേര്‍ന്നു കിടക്കുന്ന പ്രദേശമായതിനാല്‍ വന്‍തോതില്‍ കായല്‍ കൈയേറ്റവും ഇവിടെ നടക്കുന്നു. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ സ്റ്റോപ്പ്‌മെമ്മോ നല്‍കിയ വിഎടി ജങ്ഷനു സമീപത്തെ 54 ഏക്കര്‍ വരുന്ന ചെട്ടിപ്പാടം പാടശേഖരം ഒരു മത സംഘടനയുടെ നേതൃത്വത്തില്‍ നികത്തിയെടുക്കുകയാണ്.
അംബേദ്കര്‍ റോഡിനു സമീപം അരയേക്കറോളം വരുന്ന തണ്ണീര്‍തടം സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ നികത്തുകയാണ്. ഇന്ദിരാഗാന്ധി റോഡിലും, അയ്യങ്കാളി ജങ്ഷനു സമീപവും കൃഷ്ണപിള്ള റോഡിലും സമാന രീതിയില്‍ നികത്തല്‍ ജോലികള്‍ നടക്കുകയാണ്.
കാനോസ നഗറിനു സമീപത്തെ രണ്ടേക്കര്‍ വരുന്ന വേമ്പനാടു കായല്‍ പ്രദേശം ക്രൈസ്തവ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നികത്തി മതില്‍ കെട്ടിയെടുത്തിരിക്കുന്നതും ഉന്നതസ്വാധീനം ഉപയോഗിച്ചാണെന്ന് ആക്ഷേപമുണ്ട്.
അന്താഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ കെസിഎയുടെ നേതൃത്വത്തില്‍ ഏക്കറു കണക്കിനു ഭൂമി ഇവിടെ വാങ്ങിയിരുന്നു.
പരിസ്ഥിതി ലോല പ്രദേശമായതിനാലും വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ കണ്ടലുകളാല്‍ സമൃദ്ധമായ പ്രദേശമായതിനാലും ഇവിടം നിര്‍മാണത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തുകയായിരുന്നു.
വിവിധ കോടതികളില്‍ കേസ് നടന്നുവെങ്കിലും അന്തിമ വിധിയും ഇടക്കൊച്ചിയിലെ തണ്ണീര്‍തടംനികത്തിയുള്ള നിര്‍മാണത്തിന് എതിരായിരുന്നുഭൂമാഫിയയെ സഹായിക്കുന്നതിനായി നിയമവും ഭരണവും നോക്കുകുത്തിയാക്കി പോലീസ് കാവലിലാണ് നികത്തല്‍ ജോലികള്‍ നടക്കുന്നതെന്നാണ് ആക്ഷേപം.
















