ഇരിട്ടി: വനം വകുപ്പധികൃതര്‍ നല്‍കിയ ഉറപ്പു പാലിച്ച് മുഴക്കുന്ന്, ആറളം പഞ്ചായത്തുകളില്‍ നിരന്തരം ഉണ്ടാകുന്ന കാട്ടാനശല്യം അവസാനിപ്പിക്കണമെന്ന് ബിജെപി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
കാട്ടാനഭീതിമൂലം ആറളം, മുഴക്കുന്ന് പഞ്ചായത്തുകളിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. പകല്‍ സമയങ്ങളില്‍പ്പോലും മലയോര ഹൈവേയില്‍ കാട്ടാനകൂട്ടം നിലയുറപ്പിക്കുന്നു. അനേകം ആളുകളുടെ കൃഷികള്‍ നശിപ്പിക്കപ്പെട്ടിട്ടുപോലും അധികാരികള്‍ വേണ്ട ഗൗരവത്തില്‍ എടുക്കുന്നില്ല. കാട്ടാനകളെ വനത്തില്‍ കയറ്റിവിടുമെന്നും തിരിച്ച് ഇറങ്ങാതിരിക്കാനുള്ള സംവിധാനം എര്‍പെടുത്തുമെന്നും വനം വകുപ്പധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പുനല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ നടപ്പിലായിട്ടില്ല.
പെരുമ്പുന്ന, പാലപ്പുഴ, കൂടലാട്, കോക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ഇതുമൂലം അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ ഏറെയാണ്. ഈ മേഖലയിലുള്ള മൂന്നുപേര്‍ക്ക് കാട്ടാനകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇനിയും തിരിച്ചുവരാത്തവണ്ണം ആനകളെ തുരത്തിവിടണമെന്നും ഇല്ലാത്തപക്ഷം ശക്തമായ സമരങ്ങള്‍ക്ക് ബിജെപി നേത്യത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
സമരപരിപാടികള്‍ ആലോചിക്കാനായി ചേര്‍ന്ന യോഗത്തില്‍ ബിജെപി മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി. മുരളിധരന്‍ അധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ എന്‍.വി. ഗിരീഷ്, പി. കൃഷ്ണന്‍, രാമദാസ് എടക്കാനം, ആര്‍.പി. പത്മനഭാന്‍, എം. വിനീത, പി. ബാബു, കെ.കെ. ഉമേശ് കെ.കെ. പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















