ആലപ്പുഴ: എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളും പിടിഎകളും സ്‌കൂള്‍ അഡ്മിഷന് അനധികൃത പണപ്പിരിവ് നടത്തുന്നതായുള്ള വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് ഓപ്പറേഷന്‍ ഈഗിള്‍ എന്ന പേരില്‍ മിന്നല്‍ പരിശോധന നടത്തി.
എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനത്തിലെ ക്രമക്കേടുകള്‍, ഡിഇഐ ഓഫീസുകളിലെ ഫയലുകളില്‍ കാലതാമസം വരുത്തുക, താത്കാലിക നിയമനം നടത്തുക തുടങ്ങിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചേര്‍ത്തല ഡിഇഒ ഓഫീസ്, ആലപ്പുഴ ലജനത്തുല്‍ മുഹമ്മദിയ എച്ച്എസ്എസ്, ചേര്‍ത്തല ഹോളി ഫാമിലി എച്ച്എസ്എസ്, കരുവാറ്റ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ലജനത്ത് സ്‌കൂളില്‍ നിന്ന് കണക്കില്‍പ്പെടാത്ത 3.17 ലക്ഷം രൂപയാണ് കണ്ടെടുത്തത്. ഇവിടെ ക്യാഷ് ബുക്ക് എഴുതി സൂക്ഷിക്കാറില്ലെന്നും ഓഫീസ് റെക്കോഡുകള്‍ കൃത്യമായി പരിപാലിക്കുന്നില്ലെന്നും കണ്ടെത്തി. വന്‍ തോതില്‍ പണം ചെലവഴിച്ച് ഭൂമിയും മറ്റും വാങ്ങിയതിന്റെ രേഖകളും കണ്ടെടുത്തതായി വിവരമുണ്ട്.
ചേര്‍ത്തല ഹോളി ഫാമിലി സ്‌കൂളിലും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ഇവിടെനിന്ന് 9095 രൂപയാണ് അനധികൃതമായി കണ്ടെത്തിയത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് 5000, 7000, 15,000 രൂപ വീതം വാങ്ങുന്നതായും ബോധ്യപ്പെട്ടു. കരുവാറ്റ എന്‍എസ്എസ് സ്‌കൂള്‍ പിടിഎ ഫണ്ടിലേക്ക് ലഭിച്ച 71,500 രൂപ ബാങ്കില്‍ അടയ്‌ക്കാതെ സൂക്ഷിച്ചതായി കണ്ടെത്തി. പിടിഎ ഫണ്ട് ഉദ്യോഗസ്ഥര്‍ ഓഡിറ്റ് നടത്തിയിട്ടില്ല.
ചേര്‍ത്തല ഡിഇഒ ഓഫീസ് പരിധിയിലെ 27 അണ്‍എയ്ഡഡ് സ്‌കൂളുകളിലെ നിയമനം അംഗീകരിക്കാതെ നിസാര കാരണം പറഞ്ഞ് തീര്‍പ്പാക്കാത്തതായി കണ്ടെത്തി. വിവിധ സെക് ഷനുകളില്‍ നിരവധി നിയമനങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. അധ്യാപകര്‍ക്ക് ശമ്പളം യഥാസമയം മാറിക്കൊടുക്കുന്നുമില്ല തുടങ്ങി നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്.
ഡിവൈഎസ്പി റെക്‌സ് ബോബി അരവിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ.വി. ബെന്നി, എം. ബാബുക്കുട്ടന്‍, കെ.ജി. ഋഷികേശന്‍ നായര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
















