ആലപ്പുഴ: നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന വീടിന്റെ ഗേറ്റില്‍ തലയോട്ടിയുടെ രൂപം കറുപ്പ് തുണിയോടൊപ്പം അജ്ഞാതര്‍ സ്ഥാപിച്ചത് നാട്ടില്‍ പരിഭ്രാന്തി പരത്തി.
പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കളര്‍കോട് തുണ്ടില്‍ വീട്ടിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് അജ്ഞാതര്‍ ഇവ സ്ഥാപിച്ചത്. ഇന്നലെ രാവിലെ ഇതുവഴി കടന്നു പോയവരാണ് സംഭവം ആദ്യം അറിഞ്ഞത്. പുന്നപ്ര പോലീസ് എത്തി ഇവ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. വീട്ടില്‍ ആള്‍ത്താമസമില്ല, ഉടമസ്ഥര്‍ എറണാകുളത്താണ് താമസിക്കുന്നത്. വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
ബംഗാളികള്‍ അടക്കമുള്ള അന്യസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഈ സാഹചര്യത്തില്‍ പോലീസ് കരാറുകാരനില്‍ നിന്നും വിവരങ്ങള്‍ തേടി. തൊഴിലാളികള്‍ തമ്മിലോ കരാറുകാരനും തൊഴിലാളികളുമായോ ഉള്ള ഭിന്നതയുടെ ഭാഗമായാണോ ഇവ സ്ഥാപിച്ചതെന്നും സംശയങ്ങള്‍ ഉയരുന്നു.
















