ചേര്‍ത്തല: കടലാക്രമണം രൂക്ഷമായ ചേര്‍ത്തല ഒറ്റമശേരിയില്‍ തീരവാസികളുടെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. കടലാക്രമണം തടയാന്‍ അധികാരികള്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം തീരവാസികള്‍ റോഡ് ഉപരോധിച്ചിരുന്നു.
നാശഭീഷണി നേരിടുന്ന വീടുകള്‍ക്ക് സംരക്ഷണം നല്‍കാനുള്ള കല്ലിടല്‍ മൂന്നുദിവസത്തികം ആരംഭിക്കുമെന്ന് കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. എത്രയും പെട്ടെന്ന് വീടുകളുടെ കടല്‍തീരത്തോടു ചേര്‍ന്നുള്ള ഭാഗത്ത് കല്ലിട്ട് സംരക്ഷണം നല്‍കും.
ഈ ഭാഗത്ത് മൂന്നു പുലിമുട്ടുകള്‍ ആവശ്യമാണെന്ന് ബോധ്യമായിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് നല്‍കും. മണല്‍ച്ചാക്ക് ഇടുന്ന ഭാഗത്ത് കടലാക്രമണം കുറയ്‌ക്കാനായി ആവശ്യപ്പെടുന്നിടത്തോളം പ്ലാസ്റ്റിക് ടാര്‍പോളില്‍ അടിയന്തിരമായി എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുലിമുട്ടുകളുടെ കാര്യത്തില്‍ ഐഐടി റിപ്പോര്‍ട്ട് വന്നാല്‍ ഇറിഗേഷന്‍ വകുപ്പ് തുടര്‍ നപടികള്‍ വേഗത്തില്‍ ചെയ്യും. വീടുകളുടെ സംരക്ഷണത്തിലുള്ള കല്ലിടല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ഏറ്റവും അപകടവസ്ഥയിലായിട്ടുള്ള വീടുകള്‍ക്ക് സമീപം മണല്‍ച്ചാക്ക് നിറയ്‌ക്കുന്നതിനുള്ള മണല്‍ അടിയന്തരമായി എത്തിച്ചു നല്‍കുന്നതിന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ഇറിഗേഷന്‍ വകുപ്പിനും നിര്‍ദ്ദേശം നല്‍കി.
















