അടിമാലി: അയല്‍വാസിയായ സ്ത്രീ സമീപവാസികളായ ആളുകളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി പരാതി. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച അഞ്ചുപേര്‍ക്കൊപ്പം സമീപവാസികളായ അമ്പതോളം ആളുകള്‍ എത്തിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി.
രാവിലെ പത്തിനായിരുന്നു അടിമാലി സ്റ്റേഷന്‍ പരിസരത്ത് സംഭവം നടന്നത്. ഏതാനും ആളുകള്‍ ചേര്‍ന്ന് തന്റെ കൃഷിദേഹണ്ഡങ്ങള്‍ വെട്ടി നശിപ്പിക്കുകയും വീടിനു നേര്‍ക്ക് കല്ലെറിയുകയും ചെയ്തതായി കാണിച്ച് ഓടക്കാസിറ്റി സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച അഞ്ചുപേര്‍ക്കൊപ്പം പഞ്ചായത്തംഗം ഉള്‍പ്പെടെ 50 ഓളം ആളുകള്‍ എത്തി. യുവതി സമീപവാസികളായ ആളുകളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
ഓടക്കാസിറ്റി നായ്‌ക്കുന്ന് റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം വഴിതിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ടാണ് യുവതിയും നാട്ടുകാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. മഴവെള്ളം സമീപവാസികള്‍ ചേര്‍ന്ന് തന്റെ പുരയിടത്തിലൂടെ കടത്തിവിടാന്‍ ശ്രമിക്കുന്നുവെന്ന് യുവതിയും കാലങ്ങളായി മഴവെള്ളം ഒഴുകിയിരുന്ന ഓട യുവതി അടക്കാന്‍ ശ്രമിക്കുന്നുവെന്ന് നാട്ടുകാരും ആക്ഷേപം ഉന്നയിക്കുന്നു. വെള്ളമൊഴുകുന്നിടത്തുകൂടി പഞ്ചായത്ത് പൈപ്പ് സ്ഥാപിച്ച് നല്‍കാമെന്നറിയിച്ചിട്ടും പ്രശ്ന പരിഹാരത്തിന് യുവതി തയ്യാറാവുന്നില്ലെന്ന് പഞ്ചായത്തംഗം ആനീസ് ജോണ്‍ പറഞ്ഞു.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലെത്തിയ അഞ്ച് പേരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.
















