തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണത്തിന് എതിരെ കേരളാ പോലീസിന് കീഴിലെ സൈബര്‍ ഡോമും രാജ്യന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളും നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്തെ സൈബര്‍ഡോം ആസ്ഥാനത്ത് എത്തിയ ആസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡ് പോലീസ് സര്‍വീസിലെ സീനിയര്‍ ഡിറ്റക്ടീവ് ജോണ്‍ റോസും ഐസിഎംഇസി ലോ എന്‍ഫോഴ്‌സ്‌മെന്റിലെ ട്രെയിനിങ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടറുമായ ഗുല്ലിര്‍മോ ഗലാര്‍സയും സൈബര്‍ ഡോം നോഡല്‍ ഓഫീസറും എഡിജിപിയുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
നിലവില്‍ ഇന്റര്‍പോളും ഐസിഎംഇസിയും കുട്ടികളുടെ ലൈംഗിക ചൂഷണത്തിന് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ രാജ്യത്താകമാനം സഹായങ്ങള്‍ നല്‍കിയിരുന്നു. അക്കൂട്ടത്തില്‍ കേരളാ പോലീസിന് നല്‍കിയ സഹായത്തിന്റെ ഫലമായി കേരളാ പോലീസ് നടപ്പാക്കിയ ഓപ്പറേഷന്‍ പി ഹണ്ടിന്റെ വിജയത്തെ തുടര്‍ന്നാണ് ഇന്റര്‍പോള്‍ അധികൃതര്‍ കേരളത്തില്‍ നേരിട്ടെത്തി ഇതിനെതിരെയുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്.
സൈബര്‍ ഡോം ആസ്ഥാനത്ത് എത്തിയ ഇരുവര്‍ക്കും എഡിജിപി മനോജ് എബ്രഹാം സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് നല്‍കുകയും ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഫലമായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റര്‍പോള്‍ പൂര്‍ണ പിന്തുണ നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് സഹായകരമായ കൂടുതല്‍ വിവരങ്ങള്‍ ഇന്റര്‍പോള്‍ സൈബര്‍ ഡോമിന് കൈമാറും. ഇത് കൂടാതെ കേരളാ പോലീസിന് ഇന്റര്‍പോളിന്റെ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനങ്ങള്‍ നല്‍കുവാനും തീരുമാനിച്ചു. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകളില്‍ അന്വേഷണത്തിനും മറ്റും ഇന്റര്‍പോളിലെ സൈബര്‍ വിദഗ്ധരുടെ സഹായവും ഇന്റര്‍പോള്‍ സംഘം ഉറപ്പ് നല്‍കി.
ബറ്റാലിയന്‍ ഡിഐജി പി.പ്രകാശ്, സൈബര്‍ഡോം ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രകാശ് തുടങ്ങിയവരും പങ്കെടുത്തു. തങ്ങളുടെ ഏറ്റവും പുതിയ സൈബര്‍ കേസ് അന്വേഷണ സങ്കേതങ്ങള്‍ കേരളാ പോലീസിന് ഇന്റര്‍പോള്‍ ലഭ്യമാക്കി കഴിഞ്ഞിട്ടുണ്ടെന്ന് കേരളാ പോലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.
















