പള്ളുരുത്തി (കൊച്ചി): ടൂറിസം- ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ കുമ്പളങ്ങി സന്ദര്‍ശനം വിവാദമാകുന്നു. സിപിഎമ്മിനുള്ളിലും കോണ്‍ഗ്രസിലും ഇത് രാഷ്ട്രീയ ചര്‍ച്ചയായി. കുടുംബസമേതം മന്ത്രി നടത്തിയ അനൗദ്യോഗിക യാത്ര കോണ്‍ഗ്രസ് നേതാവിന്റെ സൗകര്യങ്ങള്‍ വിനിയോഗിച്ചായിരുന്നു.
ശനിയാഴ്ച വൈകിട്ടാണ് മന്ത്രിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘം കുമ്പളങ്ങിയിലെത്തിയത്. പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്ന മന്ത്രി, അവിടെനിന്ന് കുമ്പളങ്ങിയിലെത്തുകയായിരുന്നു. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ പോലീസും പരിവാരവും വേണ്ടെന്ന് മന്ത്രിതന്നെ നിര്‍ദേശിച്ചു. സാധാരണഗതിയില്‍ സിപിഎം മന്ത്രിമാര്‍ ചെല്ലുന്നിടത്ത് പ്രാദേശിക നേതൃത്വത്തെ അറിയിക്കണമെന്നാണ് പാര്‍ട്ടി വ്യവസ്ഥ. എന്നാല്‍, കുമ്പളങ്ങിയിലെ കല്ലഞ്ചേരിയിലെത്തിയ മന്ത്രി കായലില്‍ വഞ്ചിയാത്ര നടത്തി തിരിച്ച് ഹോം സ്റ്റേയിലെത്തിയ ശേഷമാണ് സിപിഎം പള്ളുരുത്തി ഏരിയാ സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ടതെന്ന് പറയുന്നു.
സിപിഎം പ്രാദേശിക നേതൃത്വം അറിയാതെയാണ് മന്ത്രി കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചത്. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും, സംസ്ഥാന ടൂറിസം അഡൈ്വസറി ബോര്‍ഡ് അംഗവുമായ എം.പി. ശിവദത്തന്‍ മന്ത്രിക്കൊപ്പം ഉണ്ടായതും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി. ശിവദത്തനായിരുന്നു മന്ത്രിയുടെ കുമ്പളങ്ങി യാത്രയുടെ നിയന്ത്രണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ആരോപണം.
മുന്‍ കേന്ദ്ര മന്ത്രി കെ.വി. തോമസിന്റെ മകന് ബിജുതോമസിന്റെ ഉടമസ്ഥതയിലുള്ള ‘എന്റെ കുമ്പളങ്ങി’ റിസോര്‍ട്ടിലായിരുന്നു മന്ത്രിയുടെ താമസം. പള്ളുരുത്തി ഏരിയാ സെക്രട്ടറി പി.എ. പീറ്ററിന്റെ ഫേസ്ബുക് പോസ്റ്റില്‍, മന്ത്രി ഞായറാഴ്ച പുലര്‍ച്ചെ വീട്ടിലെത്തി, തന്നെ വിളിച്ചുണര്‍ത്തിയെന്നും പറയുന്നു. ഡിസിസി സെക്രട്ടറി ഒപ്പമുണ്ടായിരുന്നെന്നും പറയുന്നുണ്ട്. ഏരിയാ സെക്രട്ടറിയുടെ പോസ്റ്റിനോടുള്ള പ്രതികരണമായി മന്ത്രിയുടെ യാത്രയെക്കുറിച്ചുള്ള വിവാദങ്ങള്‍ പെരുകുകയാണ്. പാര്‍ട്ടി അറിയാതെ കുമ്പളങ്ങിയില്‍ എത്തിയതു മാത്രമല്ല കെ.വി. തോമസിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ മന്ത്രി തങ്ങിയതിനെക്കുറിച്ചും അണികളില്‍ അമര്‍ഷമുണ്ട്. മന്ത്രി ഞായറാഴ്ച തിരികെ പോയി. നിരീശ്വരവാദം പറയുന്ന മന്ത്രിയുടെ കഴിഞ്ഞ ഗുരുവായൂര്‍ സന്ദര്‍ശനത്തിനു ശേഷവും വിവാദമുണ്ടായിരുന്നു.
എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം.പി. ശിവദത്തനൊപ്പം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുമ്പളങ്ങിയില്‍ പ്രഭാതസവാരി നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: