തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസിലെ രണ്ട് പ്രതികള്‍ക്കെതിരെ വിചാരണ ജൂലൈ 11ന് സിബിഐ കോടതിയില്‍ ആരംഭിക്കും. പ്രതികള്‍ക്ക് സൂപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും വിചാരണ മാറ്റി വയ്‌ക്കണമെന്നുള്ള പ്രതിഭാഗത്തിന്റെ ആവശ്യം സിബിഐ കോടതി തള്ളി. വിചാരണ എത്രയും വേഗം ആരംഭിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടെന്ന് സിബിഐ കോടതി സ്‌പെഷ്യല്‍ ജഡജ് കെ. സനല്‍കുമാര്‍ വ്യക്തമാക്കിക്കൊണ്ട് ഉത്തരവിട്ടു.
ഒന്നാംപ്രതി ഫാ. തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെയാണ് വിചാരണ ഇപ്പോള്‍ നടക്കുന്നത്. ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും വിചാരണ കൂടാതെ വെറുതെ വിടണമെന്നുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ഏപ്രില്‍ 9ന് തള്ളിയിരുന്നു. കോട്ടൂരിനും സെഫിക്കുമെതിരെ പ്രഥമദൃഷ്‌ട്രാ തെളിവുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് കിട്ടിയാല്‍ ഉടന്‍ തന്നെ രണ്ട് പ്രതികളുടെയും വിചാരണ സിബിഐ കോടതി എത്രയും വേഗം ആരംഭിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം നല്‍കിയതിനുശേഷം കഴിഞ്ഞ പത്ത് വര്‍ഷമായി വിചാരണ നടത്താതെ പ്രതികള്‍ വിടുതല്‍ ഹര്‍ജി കൊടുത്ത് നീട്ടികൊണ്ടുപോകുകയായിരുന്നു. അഭയ കൊല്ലപ്പെട്ടിട്ട് ഇരുപത്തിയേഴ് വര്‍ഷം കഴിഞ്ഞു. രണ്ടാംപ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ട സിബിഐ കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്.
















