കോട്ടയം: ഊബറില്‍ വിളിച്ചാല്‍ കാര്‍ മാത്രമല്ല, ഓട്ടോറിക്ഷയും ഇനി ലഭിക്കും. തിരുവനന്തപുരം നഗരത്തിലാരംഭിച്ച ഊബര്‍ ഓട്ടോ സര്‍വീസ് സംസ്ഥാനത്തെ വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഉടന്‍തന്നെ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിന് ശേഷമാകും മറ്റ് നഗരങ്ങളില്‍ ഊബര്‍ ഓട്ടോ റിക്ഷകളുടെ സേവനം ലഭ്യമാകുന്നത്. ഊബര്‍ കാറുകളെക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്രചെയ്യാന്‍ സാധിക്കും. ആദ്യ രണ്ട് ട്രിപ്പുകളില്‍ അമ്പത് ശതമാനം ഇളവും ലഭിക്കും. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ലൈനായി ഊബറിന്റെ ഭാഗമാകാം.
മുമ്പ് ബെംഗളൂരു, പൂനെ, ദല്‍ഹി, കോയമ്പത്തൂര്‍, ഇന്‍ഡോര്‍, ഭുവനേശ്വര്‍ നഗരങ്ങളില്‍ ഊബര്‍ ഓട്ടോ സേവനം ലഭ്യമായിരുന്നു. 2016 മാര്‍ച്ചില്‍ കമ്പനി ഈ സേവനം പിന്‍വലിച്ചിരുന്നു. ആഭ്യന്തര കമ്പനിയായ ഓലയുമായുള്ള മത്സരം ശക്തമായതിന്റെ ഭാഗമാണ് കമ്പനി വീണ്ടും ഊബര്‍ ഓട്ടോ പ്രവര്‍ത്തനം ഇന്ത്യയില്‍ ആരംഭിച്ചത്. മൊബൈല്‍ ആപ്ലിക്കേഷന്‍വഴി ഓട്ടോറിക്ഷ യാത്രകള്‍ സാധ്യമാകുന്ന ഓലയും 2014ലാണ് ഈ സേവനത്തിന് തുടക്കമിട്ടത്. സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്ന ഊബര്‍ ഓട്ടോറിക്ഷകളുടെ സേവനം രാത്രി വൈകിയും ലഭിക്കും. ഊബര്‍ ഓട്ടോറിക്ഷകള്‍ എല്ലാ നഗരങ്ങളിലും പ്രാവര്‍ത്തികമാകുന്നതോടെ രാത്രി യാത്രക്കാര്‍ക്ക് ഏറെ ഗുണംചെയ്യും.
ഓട്ടോ വിളിക്കാന്‍…
പ്ലേസ്റ്റോറില്‍നിന്ന് ഊബര്‍ (ൗയലൃ) ആപ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ശേഷം മൊബൈല്‍നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. പോകേണ്ട സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ അവിടേക്കുള്ള ഊബര്‍ ഓട്ടോ നിരക്കും ദൃശ്യമാകും. കണ്‍ഫേം ചെയ്താലുടന്‍ ഏറ്റവും അടുത്തുള്ള ഊബര്‍ ഓട്ടോ നിങ്ങളെ തേടിയെത്തും.
















