തിരുവനന്തപുരം: അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിതീവ്ര ന്യൂനമര്‍ദം വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുമെന്നും ചുഴലിക്കാറ്റായി മാറുമെന്നമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.(ഈ ചുഴലിക്കാറ്റിന് വായു എന്നാണ് പേരു നല്‍കുക) മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഏഴ് തെക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കന്യാകുമാരി, ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗം എന്നിവിടങ്ങളില്‍ അതിതീവ്ര ന്യൂനമര്‍ദ ത്തെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
കേരളത്തില്‍ പരക്കെ ഇന്നലെ നല്ല മഴ ലഭിച്ചു. വരുന്ന 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, മധ്യ കിഴക്ക് അറബിക്കടല്‍, തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ്, കേരള-കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തല്‍ ഇന്ന് കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
















