പള്ളുരുത്തി: തീരപ്രദേശങ്ങളില്‍ മുമ്പ് തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും വഴിവെച്ചിരുന്ന മഴക്കാല മീന്‍പിടിത്തം തടയുന്ന ട്രോളിങ് നിരോധനം ഇന്ന് തികച്ചും സമാധാന പൂര്‍ണമാണ്. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് ഇക്കാര്യത്തില്‍ തര്‍ക്കവും സന്ദേഹവുമില്ലാത്ത നയവും നിലപാടും ഉണ്ടായത്. മീനുകള്‍ക്ക് മുട്ടയിടാനും പ്രത്യുല്‍പ്പാദനത്തിനുമുള്ള അവസരമായാണ് 52 ദിവസത്തെ യന്ത്രസംവിധാനം ഉപയോഗിച്ചുള്ള മീന്‍പിടിത്തം നിരോധിക്കുന്നത്.
ഇന്ന് അര്‍ദ്ധ രാത്രിമുതല്‍ ട്രോളിങ് നിലവില്‍ വരികയാണ്. ജൂലൈ 31 വരെയാണ് നിരോധനം. ബോട്ടുകള്‍ ഇന്ധനം നിറക്കുന്ന തീരദേശത്തെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിരീക്ഷണക്കണ്ണുകള്‍ ഏറെ
നിരോധന സമയത്ത് ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നത് തടയാന്‍ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഫിഷറീസ് വകുപ്പ് ഒരുക്കിയിട്ടുണ്ട്. കോസ്റ്റല്‍ പോലീസും, ഫിഷറീസ് ഉദ്യോഗസ്ഥരും പ്രത്യേക പട്രോളിങ് നടത്തും ആവശ്യമെങ്കില്‍ നേവിയുടെ സഹായം തേടും. രാവും, പകലും കടലില്‍ പട്രോളിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മത്സ്യങ്ങളുടെ പ്രജനനകാലം
1988ലാണ് സംസ്ഥാനത്ത് ആദ്യമായി ട്രോളിങ് നിരോധനം നിലവില്‍ വരുന്നത് മണ്‍സൂണ്‍കാലത്ത് ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കൂടിയാണ് അവയെ സംരക്ഷിച്ച് മത്സ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കുകയാണ് നിരോധനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. 1994 മുതല്‍ നിരോധനം 47 ദിവസമാക്കി കഴിഞ്ഞ വര്‍ഷം മുതല്‍ നിരോധനം 52 ദിവസമാക്കി ഉയര്‍ത്തുകയായിരുന്നു.
മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം 60 ദിവസമാക്കി ഉയര്‍ത്തണമെന്ന പഠനറിപ്പോര്‍ട്ട് പരിഗണിച്ചിരുന്നെങ്കിലും പരമ്പരാഗത തൊഴിലാളികള്‍ ഇതിനെതിരെ രംഗത്തു വന്നതോടെ ഈനീക്കം തടസപ്പെടുകയായിരുന്നു. കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും 30 ദിവസം വീതം നിരോധനം ഏര്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദ്ദേശം.
ബോട്ടുകള്‍ തീരത്തേക്ക്
കൊച്ചി, മുനമ്പം, വൈപ്പിന്‍ തുടങ്ങിയ പ്രധാന ഹാര്‍ബ്ബറുകള്‍ കേന്ദ്രീകരിച്ച് ആയിരത്തോളം ട്രോള്‍ ബാട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ 600 ഗില്‍നെറ്റ് ബോട്ടുകളും 80 ഓളം പേഴ്സീന്‍ ബോട്ടുകളും കടലില്‍ ഇറങ്ങിട്ടില്ല. നിരോധനം മുന്നില്‍ക്കണ്ട് മത്സ്യബന്ധനത്തിനായി ഇറങ്ങിയ ബോട്ടുകളെല്ലാംതന്നെ തീരത്തേക്ക് തിരിച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ തന്നെ മുഴുവന്‍ ബോട്ടുകളും തീരമണിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തുള്ള 3,800 ഓളം ഫിഷിംഗ് ബോട്ടുകള്‍ക്ക് ഇക്കാലയളവില്‍ മത്സ്യബന്ധനത്തിന് കടലില്‍ ഇറങ്ങാന്‍ കഴിയില്ല. പരമ്പരാഗതമീന് പിടിത്തവള്ളങ്ങള്ക്ക് നിരോധനം ബാധകമല്ല. ചെറു മത്സ്യങ്ങളെ പിടിക്കുന്ന വലകള്‍ക്ക് കടലില്നിരോധനമുണ്ട്.
മീനിന് തീവില
ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുന്നെ തന്നെ മീനുകളുടെ വിലയിലും ഗണ്യമായി വര്‍ദ്ധനയുണ്ടായിട്ടുണ്ട്. മത്തി (ചാള) കിലോയ്ക്ക് 180 രൂപയാണ് വില. കൊച്ചി തീരത്ത് മത്തിയുടെ ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കിളിമീനിന് 120 രൂപയാണ്.
മത്സ്യമേഖല നിശ്ചലം
ട്രോളിങ് കാലം തീരത്ത് വറുതിയുടെ കാലം കൂടായാണ്. നിരോധനം വരുന്നതോടെ ഹാര്‍ബറുകളും അനുബന്ധമേഖലകളും നിശ്ചലമാകും. സംസ്ഥാനത്ത് പതിനായിരങ്ങള്‍ക്കാണ് ഇതോടെ തൊഴില്‍ നഷ്ടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: