പാലക്കാട്: എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന കാലമാണിതെന്ന് സാഹിത്യകാരന്‍ എം.മുകുന്ദന്‍. അടുത്ത കാലത്ത് ആഘോഷിക്കപ്പെട്ട പല പുസ്തകങ്ങളും സാഹിത്യേതര കാരണങ്ങളാലാണു ശ്രദ്ധിക്കപ്പെട്ടത്. ഒ.വി.വിജയന്‍ സ്ത്രീ കൂടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നോര്‍ത്തു പോകുന്നുവെന്നും അദേഹം മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മൃതി ഉദ്ഘാടനം ചെയ്യുന്നതിനിടെ പറഞ്ഞു.
മലയാളത്തില്‍ വായനക്കാര്‍ ഒട്ടേറെയുണ്ടെങ്കിലും നല്ല കൃതികള്‍ പലപ്പോഴും ഉണ്ടാകുന്നില്ല. എന്തു വായിക്കണമെന്നും എന്തു പ്രസിദ്ധീകരിക്കണമെന്നും തീരുമാനിക്കുന്നതു പ്രസാധകരായ കോര്‍പറേറ്റുകളാണ്. ഇപ്പോഴത്തെ പല പുസ്തകങ്ങളിലും എഴുത്തുകാരനോ സമൂഹമോ പുഴയോ കാടോ ഇടിഞ്ഞു വീഴാന്‍ പോകുന്ന കുന്നുകളോ ഇല്ലന്നും അദേഹം കുറ്റപ്പെടുത്തി.
















