വ്യത്യസ്തമായൊരു രാഷ്ട്രീയസംസ്കാരത്തിന്റെ വിജയമാണ് ലോക്സഭ തെരഞ്ഞെടുപ്പിലൂടെ വെളിപ്പെട്ടത്. സ്വതന്ത്രഭാരതത്തില്‍ കോണ്‍ഗ്രസ് രൂപപ്പെടുത്തിയെടുത്ത ഒരു രാഷ്ട്രീയ സംസ്കാരധാരയുണ്ട്. വംശവാദത്തിന്റെ, ഗ്രൂപ്പുകളിയുടെ, കൂത്തകമാധ്യമ പ്രചരണത്തിന്റെ എല്ലാം സങ്കലനമായ സാംസ്കാരികധാര. ബിജെപിയും ഇടതുപക്ഷവും ഒഴികെ മറ്റെല്ലാ രാഷ്ട്രീയ സംഘടനകളും തുടര്‍ന്നതും, തുടര്‍ന്നുകൊണ്ടേയിരിക്കുന്നതും കോണ്‍ഗ്രസ് രൂപപ്പെടുത്തിയ ആ ധാരയാണ്. സംഘടനാസംവിധാനത്തിലും, സര്‍ക്കാര്‍ സംവിധാനങ്ങളിലും എല്ലാം ഈ രാഷ്ട്രീയസംസ്കാരം പ്രതിഫലിച്ചു.
1977ല്‍ ചരിത്രത്തിലാദ്യമായി കേന്ദ്രത്തില്‍ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ നിലവില്‍ വന്നപ്പോഴും, കോണ്‍ഗ്രസ് പാലിച്ചുവന്ന സംസ്കാരം തുടര്‍ന്നു. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്നു. ആര്‍ക്കും ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തിക്കാം, പത്രക്കാരോട് ആര്‍ക്കും എന്തും വിളിച്ചുപറയാം. ഇതോക്കെ കോണ്‍ഗ്രസ്സിലും, ജനതപാര്‍ട്ടിയിലും പൊതുഘടകങ്ങളായി. വ്യക്തി കേന്ദ്രീകൃതമായ സംഘടന, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയൊക്കെ കോണ്‍ഗ്രസ്സില്‍ എന്നപ്പോലെ ജനതപാര്‍ട്ടിയിലും നടപ്പായി.
ജനതപാര്‍ട്ടിയിലെ ദ്വയാംഗത്വ പ്രശ്നത്തെ തുടര്‍ന്ന് പുതിയ സംഘടനാസംവിധാനം ഉണ്ടാക്കി ബിജെപി ആരംഭിച്ചതോടെ, ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന് അരങ്ങൊരുങ്ങി. മൂലരൂപത്തില്‍ സംഘ സംസ്കാരത്തില്‍നിന്ന് ആരംഭിച്ച പ്രവര്‍ത്തനം, കര്മപ്രബുദ്ധമായി. അത് ഇന്നത്തെ രൂപത്തില്‍ എത്തിയപ്പോള്‍, രാഷ്ട്രീയ പണ്ഡിതന്മാരുടെയും കുത്തക മാധ്യമങ്ങളുടെയും പ്രവചനങ്ങളെ അപ്രസക്തമാക്കി.
പ്രധാനമന്ത്രിയായി 2014ല്‍ അധികാരമേറ്റശേഷം, തനിക്ക് പറയാനുള്ളത് മാധ്യമങ്ങളോടല്ല ജനങ്ങളോടാണെന്ന നിലപാട് നരേന്ദ്രമോദി സ്വീകരിച്ചപ്പോള്‍ പലരും ഞെട്ടി. പതിമൂന്ന് വര്‍ഷം മുഖ്യമന്ത്രിയായിരുന്നപ്പോഴും ജനങ്ങളുമായി നിരന്തരബന്ധം വച്ച മോദി മാധ്യമങ്ങളുമായി ബന്ധപ്പെട്ടതേയില്ല. അപവാദ പ്രചരണങ്ങള്‍ മോദിക്കെതിരെ കത്തിക്കയറിയിട്ടും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുമില്ല.
ജനങ്ങളുമായി ഫലപ്രദസംവാദത്തിന് കുത്തകമാധ്യമങ്ങളുടെ സഹായം ആവശ്യമില്ലെന്ന് തെളിയിച്ച ആദ്യ ഭരണാധികാരി നരേന്ദ്ര മോദിയാണ്. 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് കുത്തക മാധ്യമങ്ങളെ അപ്രസക്തമാക്കിയ മോദി, സര്‍ക്കാര്‍ സംവിധാനത്തെ പൊടിതട്ടിയെടുത്തു. ദൃശ്യമാധ്യമങ്ങള്‍ അടക്കിവാണിരുന്ന നാട്ടില്‍, സര്‍ക്കാര്‍ ശ്രവ്യമാധ്യമ സംവിധാനമായ റേഡിയോ ശൃംഖലയെ ഫലപ്രദമായി ഉപയോഗിച്ചത് നാം കണ്ടു. ‘മന് കീ ബാത്ത്’ എന്ന പ്രതിമാസപരിപാടി ഒന്നുമാത്രം മതിയായിരുന്നു മോദിയുടെ ജനപ്രീതി വര്‍ദ്ധിക്കാന്‍. ദശകോടിക്കണക്കിന് ജനങ്ങള്‍ മാസാവസാന ഞായറാഴ്ചക്കായി കാതോര്‍ത്തു. തനിക്ക് പറയാനുള്ളതും, സര്‍ക്കാര്‍ നേട്ടങ്ങളും ഇടനിലക്കാരെ ഒഴിവാക്കി താഴേക്കിടയില്‍ നേരിട്ട് എത്തിക്കുന്നതിന് പുതിയ മാതൃകയായി മോദി. ചുരുക്കത്തില്‍ സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പ്രധാനമന്ത്രി തന്നെയായിരുന്നു.
മറിച്ച് ജനങ്ങളില്‍നിന്ന് അകന്നുനിന്ന് സാങ്കല്‍പ്പിക പോരാട്ടം നടത്തിയ നേതാക്കളെ നോക്കൂ. അവരെല്ലാം കുത്തക മാധ്യമങ്ങളുടെ പൊന്നോമനകളായിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏറ്റവും നല്ല ദൃഷ്ടാന്തം. മാധ്യമശ്രദ്ധ നേടാനുള്ള ഉപായമായിരുന്നു റഫാല്‍ സംബന്ധിച്ച ആരോപണം. റഫാല്‍ ഇടപാട് സംബന്ധിച്ച് സുപ്രീം കോടതി, സിഏജി എന്നിങ്ങനെ എല്ലാ നിയമസംവിധാനങ്ങളും കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ചീട്ട് നല്‍കിയിട്ടും ആരോപണങ്ങള്‍ തുടര്‍ന്ന കോണ്‍ഗ്രസ് നേതാവ്, മാധ്യമശ്രദ്ധനേടി കൃത്രിമ ആരോപണങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയെന്ന ദുഷ്ടലാക്കാണ് നടപ്പാക്കിയത്. പക്ഷെ ജനങ്ങളുമായുള്ള നിരന്തര ബന്ധം മോദിക്ക് തുണയായി.
ഉത്തര്‍പ്രദേശില്‍ മാത്രം 8 കോടി ജനങ്ങള്‍ക്കാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ നേരിട്ട് കേന്ദ്ര ആനുകൂല്യങ്ങള്‍ ലഭിച്ചത്. ഭാരതത്തിലൊട്ടാകെ 12 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്കി. 8 കോടി കുടുംബങ്ങള്‍ക്ക് ഉജ്വല യോജനയിലൂടെ ഗ്യാസ് കണക്ഷന് നല്കി. 2.5 കോടി കുംടുംബങ്ങള്‍ക്ക് പ്രധാന്‍മന്ത്രി ആവസ് യോജനയിലൂടെ തലചായ്ക്കാന്‍ ഇടംനല്കി. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് വിസര്‍ജ്ജനം നടത്തിയിരുന്നത്. സൂര്യനസ്തമിക്കുന്നതുവരെ ശൗചം നടത്താന്‍ കാത്തിരുന്ന സ്ത്രീകള്‍ക്കും പെണ്‍കട്ടികള്‍ക്കും വീടിനോട് ചേര്‍ന്ന് ശൗചാലയം ലഭിക്കുകവഴി കുറച്ചൊന്നുമല്ല ആശ്വാസമെത്തിയത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമുള്ള കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഭവനം സ്വപ്നമല്ലെന്ന് തെളിയിച്ചു. പിന്നാക്കക്കാര്‍, ന്യൂനപക്ഷവിഭാഗങ്ങള്‍ എന്നിങ്ങനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി. അതിന്റെ പ്രതിഫലം തെരെഞ്ഞെടുപ്പില്‍ കാണുകയുമുണ്ടായി.
മറുഭാഗത്ത് തമ്മിലടിയും സീറ്റുതര്ക്കങ്ങളുമായി നിലകൊണ്ട എല്ലാവര്ക്കും ഒരൊറ്റ അജണ്ടയായിരുന്നു. മോദിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുക. ജനങ്ങളുമായി ഇടപഴകാനുള്ള നയങ്ങളായിരുന്നില്ല, മറിച്ച് അധികാരത്തിലേക്കുള്ള കുറുക്കുവഴികളാണ് അവര്‍ തിരഞ്ഞത്. ‘ന്യായ്’ എന്ന പദ്ധതിയുടെ മലര്‍പ്പൊടി കഥകള്‍ ജനങ്ങള്‍ക്കിടയില്‍ വിറ്റഴിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചങ്കിലും, പച്ചതൊട്ടില്ല. ന്യായ് പദ്ധതിക്ക് വേണ്ട ഭീമമായ തുക എവിടെനിന്ന് എന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരം നല്കാനാകാതെ പകച്ചുനിന്നത് നാം കണ്ടു. മധ്യവര്ഗക്കാരില്നിന്ന് പ്രത്യേക നികുതി ഈടാക്കി പണം കണ്ടത്തണമെന്ന സാം പിത്രോദയുടെ പ്രസ്താവന കൂനിന്മേല് കുരുവായി. ജന്‍ധന്‍ യോജന, മുദ്ര യോജന, ശൗചാലയ നിര്‍മ്മാണം, ഉജ്ജ്വല യോജന, സമ്പൂര്‍ണ ആരോഗ്യ പദ്ധതി, ബേട്ടി ബച്ചാവോ-ബേട്ടി പഠാവോ എന്നിങ്ങനെ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നടപ്പാക്കിയ വ്യക്തിഗത പദ്ധതികളുടെയും നമാമി ഗംഗേ, പ്രധാന മന്ത്രി സഡക് യോജന, പ്രധാനമന്ത്രി ഗ്രാമീണ സാന്‍സദ് യോജന, സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ സാമൂഹിക വികസന പദ്ധതികളുടെയും നേട്ടങ്ങള്‍ നേരിട്ട് ജനങ്ങളില്‍ എത്തിച്ചത്് പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന് തുടക്കമായി.
സമഗ്രമാറ്റം പ്രസംഗങ്ങളിലൂടെയല്ല പ്രവര്‍ത്തികളിലൂടെയാണ് അനുഭവവേദ്യമാകുന്നതെന്ന് ബോധ്യപ്പെടുത്താന്‍ ചരിത്രത്തിലാദ്യമായി സാധിച്ചതും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ത്തന്നെ. സര്‍ക്കാര്‍ ചെലവിടുന്ന ഒരു രൂപയില്‍ കേവലം 17 പൈസമാത്രമേ ജനങ്ങളിലെത്തുന്നുള്ളുവെന്ന് വിലപിക്കാനാണ് രാജീവ് ഗാന്ധിക്ക് ആയതെങ്കില്‍, ഖജനാവില്‍നിന്ന് പുറത്തുപോകുന്ന ഓരോ രൂപയും കൃത്യമായി ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞതും മോദിയുടെ വിജയമാണ്. ഇതൊരു പുത്തന്‍ രാഷ്ട്രീയ സംസ്കാരത്തിന്റെ വിജയമാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈ പുതിയ രാഷ്ട്രീയ സംസ്കാരത്തെയാണ് ജനങ്ങള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: