രാജ്യത്ത് മോദിയുഗം അരക്കിട്ടുറപ്പിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സ്വപ്നലോകത്തെ സകല ബാലഭാസ്കരന്മാരുടെയും നിലതെറ്റിച്ചിട്ടുണ്ട്. എല്ലാ മോഹവും തകര്‍ന്ന് ഇനി അമ്മ നയിച്ചാല്‍ മതിയെന്ന് നിലവിളിച്ച് ഭാവിപ്രധാനമന്ത്രിപദ സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധി പണി മതിയാക്കിയ മട്ടാണ്. ആരേലും പാര്‍ട്ടി പ്രസിഡന്റായിക്കോ എന്ന് പറഞ്ഞ് പാവം പാര്‍ട്ടിക്കുള്ളില്‍ പിണങ്ങിനടപ്പാണ്. ‘അയ്യോ രാഹുല്‍ പോകല്ലെ’ എന്ന് പറഞ്ഞ് ആന്റണി മുതല്‍ നിത്യ’സരിത’നായകന്മാരൊക്കെ പിന്നാലെ കൂടിയിട്ടുണ്ട്.
മലയാളത്തിലെ ബര്ഖാദത്തുമാരെ കോള്‍മയിര്‍കൊള്ളിച്ച മഹാഗഡ്ബന്ധന് അടിച്ചുപിരിഞ്ഞു. ജനാധിപത്യത്തിലുള്ള വിശ്വാസം മടക്കിക്കൊണ്ടുവരാന്‍ അവതാരമെടുത്തുവെന്ന് കേരളമീഡിയ പ്രഖ്യാപിച്ചുകളഞ്ഞ മായാവതി ആനപ്പുറത്തേറി മടക്കയാത്രയിലാണ്. അഖിലേഷ് അച്ഛന് മുലായത്തിന്റെ വഴിയേ ‘മേരാ മോദി മഹാന്’ എന്ന് എപ്പോള്‍ പറഞ്ഞെന്ന് ചോദിച്ചാല്‍ മതി. പ്രതിപക്ഷകക്ഷികളെ മൊത്തം യോജിപ്പിച്ച് ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മുറയ്ക്ക് പ്രധാനമന്ത്രിയാകാന്‍ താറുടുത്ത ചന്ദ്രബാബു നായിഡു ഉടുതുണി നഷ്ടപ്പെട്ട പരുവത്തിലാണ്.
മുണ്ടുടുത്ത മോദി എന്ന് ആരോ വിളിച്ചുകേട്ടനാള് മുതല്‍ അങ്കമാലീലെ പ്രധാനമന്ത്രി ചമഞ്ഞ് ഇളിഭ്യനായ കേരളാ മുഖ്യമന്ത്രി ഇനി എന്ത് ചെയ്താല്‍ ശരിയാകുമെന്ന് അറിയാത്ത അവസ്ഥയിലാണ്. ഊരിപ്പിടിച്ച വാളുകള്ക്കിടയിലൂടെയും നിറച്ചുവെച്ച ഗ്ലാസുകള്ക്കിടയിലൂടെയും നടന്ന കഥകളൊക്കെയാണ് ഇപ്പോഴും പാടി നടക്കുന്നത്. ഉണ്ടായിരുന്നതൊക്കെ ഒലിച്ചുപോയതൊന്നും അറിഞ്ഞിട്ടേയില്ല. ശൈലി മാറ്റുന്ന പ്രശ്നമേയില്ലെന്നും ഇതേ ശൈലികൊണ്ടാണ് ഇവിടം വരെ (എവിടെ വരെയെന്ന് ചോദിക്കരുത്) എത്തിയതെന്നുമൊക്കെയാണ് കരച്ചില്. ഇനിയെങ്കിലും ഒന്നുറക്കെ പൊട്ടിക്കരഞ്ഞൂടേ എന്ന് ചോദിക്കാന്‍ തോന്നിക്കുന്ന മുഖഭാവത്തിലാണ് പള്ളിക്കൂടപ്പിള്ളേരുടെ മുന്നില്‍പോലും പുള്ളി പ്രത്യക്ഷപ്പെട്ടത്.
ഇമ്മാതിരി അന്തംവിട്ട തോറ്റോടിയന്സില് കാണുന്ന പല തരം മാനറിസങ്ങളില്‍ ഏറ്റവും ഭയാനകമായ അവസ്ഥാന്തരമാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേത്. മമതയ്ക്ക് മമത മമതയോടുമാത്രം.
തെരഞ്ഞെടുപ്പ് പ്രചരണത്തില്ത്തന്നെ അടിവേരിളകി ആടിയുലയുന്ന പരുവത്തിലായിരുന്നു തൃണമൂല്‍ ദീദി. 34 വര്‍ഷത്തെ മാര്‍ക്സിസ്റ്റ് ഭരണത്തെ വലിച്ചിറക്കി അധികാരത്തിലേറിയപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് ആഘോഷിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ ബംഗാളില്‍ നടക്കുന്നത്. താനൊരു മഹാസംഭവമാണെന്ന് സ്വയം ധരിക്കുകയും തികഞ്ഞ ധാര്‍ഷ്ട്യത്തോടെ അനുയായികളോടും എതിരാളികളോടും തട്ടിക്കയറുകയും ചെയ്യുന്നതാണ് മമതയുടെ ഒരു രീതി. കോണ്‍ഗ്രസ് അവിടെ ശൂന്യമായി. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജീവന് രക്ഷ തേടി ബിജെപി ഓഫീസുകളില്‍ അഭയം തേടി. ജനാധിപത്യം പ്രസംഗിക്കുകയും തെരഞ്ഞെടുക്കപ്പെട്ട മോദി സര്‍ക്കാരിനെതിരെ തെറിവിളിക്കുകയുമായിരുന്നു മമത.
34 വര്‍ഷത്തെ മാര്‍ക്സിസ്റ്റ് ഭരണവും പത്ത് കൊല്ലത്തെ മമതാ ഭരണവും തമ്മില്‍ ബംഗാളികള്‍ക്ക് വ്യത്യാസമൊന്നുമില്ല. വികസനമില്ല, നല്ല റോഡില്ല, കുടിവെള്ളമില്ല, തൊഴിലില്ല, ഉള്ള തൊഴിലിന് കൂലിയില്ല…. ഉണ്ടെന്ന് പറയാന്‍ സമൃദ്ധമായ പട്ടിണി മാത്രം. രാഷ്ട്രീയം എന്നത് ഗുണ്ടാപ്പണിയാണെന്ന് പറഞ്ഞുപഠിപ്പിച്ച പാര്‍ട്ടികളാണ് ബംഗാളിനെ തകര്‍ത്തത്. മോദിക്ക് ഞാന്‍ ബംഗാളിലെ ചെളിമണ്ണുരുട്ടി കഴിക്കാന്‍ നല്‍കുമെന്ന് ആക്രോശിച്ച മമതയോട് പ്രധാനമന്ത്രി പറഞ്ഞ മറുപടിയിലുണ്ട് ബംഗാള്‍ നേരിട്ട അപചയത്തിന്റെ നേര്‍ചിത്രം…. ‘ദീദി, ആ മണ്ണ് രാഷ്ട്രീയ എതിരാളികളുടെ ചോരയില്‍ കുഴഞ്ഞതായിരുന്നില്ല. എണ്ണമറ്റ ദേശസ്നേഹികളുടെ, ധീരവിപ്ലവകാരികളുടെ ചോരയും വിയര്‍പ്പും വീണ മണ്ണാണ്… അതുരുട്ടിത്തന്നാല്‍ ഞാന്‍ അങ്ങയോട് നന്ദിയുള്ളവനായിരിക്കും.’
പവിത്ര ബംഗാളിന്റെ അമരത്തിരിക്കാന്‍ കിട്ടിയ മഹാഭാഗ്യമാണ്, കുങ്കുമം ചുമന്ന കഴുതയെപ്പോലെ അവര്‍ തകര്‍ത്തുകളഞ്ഞത്. ദേശവിരുദ്ധ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തകര്‍ത്തു തരിപ്പണമാക്കിയ ബംഗാളിന്റെ സാംസ്കാരികത്തനിമയെ ഉയര്‍ത്താനുള്ള അവസരം ദീവാളി കുളിച്ചുകളഞ്ഞതിന്റെ പരിണാമമാണ് പാര്‍ട്ടി തൃണമായി മാറുന്നതിന്റെ കാരണം.
അധികാരം കൊണ്ട് ഭ്രാന്ത് പിടിച്ച മമത ജയ്ശ്രീറാം വിളി നിരോധിച്ചു. ദുര്‍ഗാ പൂജ നിരോധിച്ചു. മുഹറമാഘോഷിക്കുന്നതിന് തടസ്സമാകുമെന്ന് പറഞ്ഞ് ദുര്‍ഗാപൂജയുടെ ഘോഷയാത്രകള്‍ തടഞ്ഞു. ഇസ്ലാമിക് ഹിസ്റ്ററിയില്‍ മാസ്റ്റര്‍ ബിരുദമുണ്ട് മമതയ്ക്ക്. പ്രീണന രാഷ്ട്രീയത്തിന്റെയും വിഭജനത്തിന്റെയും ചരിത്രം അറിയാത്തവരല്ല. എന്നിട്ടും കസേരയുടെ കാലുറപ്പിക്കാന്‍ അവര്‍ നാണംകെട്ട പ്രീണനത്തിന് ഒരുമ്പെട്ടു.
ബൂത്ത് കയ്യേറ്റവും കല്ലേറും അക്രമവുമായി തെരഞ്ഞെടുപ്പ് കാലം മുഴുവന്‍ അരാജകത്വം നടമാടുകയായിരുന്നു ബംഗാളില്‍. ദേശീയതയുടെ തരംഗത്തില്‍ സാധാരണക്കാര്‍ ജയ്ശ്രീറാം വിളികളോടെ തെരുവിലിറങ്ങിയതോടെ നിലവിട്ട മട്ടിലായി അവരുടെ പെരുമാറ്റം. സിപിഎം പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് ഭരണം മമതയുടെ ഗുണ്ടാപ്പാളയങ്ങളിലേക്ക് മാറിയെന്നല്ലാതെ ഒരുമാറ്റവും അനുഭവിപ്പെടാതിരുന്ന ബംഗാളി ജനത ത്രിപുരയൊരുക്കിയ വഴിയേ നീങ്ങി. ഭയപ്പെടുത്തിയിട്ടും ആക്രമിച്ചിട്ടും ബംഗാളികള്‍ സധൈര്യം രംഗത്തിറങ്ങി മമതയ്ക്കെതിരെ വോട്ട് ചെയ്തു.
ഇനി ഒരു അവസരം കൂടി തനിക്ക് കിട്ടില്ലെന്ന് മമതയ്ക്ക് അറിയാം. എല്ലാം കൈവിട്ടുപോകുമ്പോള്‍ സാമാന്യബുദ്ധി ഉള്ളവര്‍ ശാന്തതയിലേക്ക് തിരിയുമെന്നാണ് കേട്ടിട്ടുള്ളത്. എന്നാല്‍ ബുദ്ധി കൈമോശം വന്നവര്‍ അസ്വസ്ഥരാകും. ആ അസ്വസ്ഥതയുടെ പാരമ്യത്തിലാണ് അറുപത്തിനാലുകാരിയായ മമത. അവശേഷിക്കുന്ന ഗുണ്ടകളുമായി അവര്‍ എതിരാളികളെന്ന് കരുതുന്ന പാര്‍ട്ടികളുടെ ഓഫീസ് കയ്യേറുന്നു. ഓഫീസുകള്‍ കുത്തിത്തുറക്കുന്നു. പരസ്യമായി ഭീഷണി മുഴക്കുന്നു. ഒരു ജനാധിപത്യരാജ്യത്തെ മുഖ്യമന്ത്രിക്കസേരയിലിരുന്നു കൊണ്ടാണ് അവരുടെ നില തെറ്റിയ പെരുമാറ്റങ്ങള്‍… എന്നിട്ടും നാട്ടിലൊരിടത്തും ഫാസിസമെന്ന് മുറവിളി കേള്‍ക്കുന്നില്ല. മമത നടത്തുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ചയില്ല…
മമത എന്നത് ഒരുതരം സിന്‍ഡ്രോമാണ്. മോദി വിരോധം തലയ്ക്ക് പിടിച്ചവര്‍ക്ക് ബാധിക്കുന്ന രോഗം. ബംഗാളിലെ ദീദിഗിരി ആസ്വദിക്കുന്നവരുണ്ടാകും. എന്നാല്‍ ആ ഹിസ്റ്റീരിയയ്ക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെയേ ആയുസ്സുള്ളൂ എന്ന് മറ്റാര്‍ക്കറിയില്ലെങ്കിലും മമതയ്ക്ക് നന്നായറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: