തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് നവകേരള നിര്‍മാണത്തിനായി വിദേശത്ത് പോയി ധനസമാഹരണത്തിന് അഭ്യര്‍ത്ഥന നടത്തിയിട്ടും മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും ഒന്നും കിട്ടിയില്ല. യാത്രാ ചെലവിനായി ഖജനാവില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചത് വെറുതെയായി.
വിദേശ സന്ദര്‍ശനത്തില്‍ പ്രളയ ദുരിതാശ്വാസത്തിന് എത്ര രൂപ കിട്ടി എന്ന് നിയമസഭാ ചോദ്യോത്തരത്തില്‍ ചോദിച്ചപ്പോള്‍ ‘അരി എത്ര പയറ് അഞ്ഞാഴി’ എന്ന ഉത്തരമാണ് ലഭിച്ചത്. പ്രളയാനന്തര കേരളത്തിന്റെ പുനര്നിര്മിതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വിദേശ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക, സാങ്കേതിക സഹായ സഹകരണങ്ങള്‍ (ക്രൗഡ് ഫണ്ടിങ് ഉള്‍പ്പെടെ) അഭ്യര്‍ത്ഥിക്കുന്നതിനുമാണ് മുഖ്യമന്ത്രിയും നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും യുഎഇ സന്ദര്‍ശിച്ചതെന്നാണ് എത്ര കിട്ടി എന്നതിന് മറുപടി ലഭിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും നോര്‍ക്ക സെക്രട്ടറി ഡോ. കെ. ഇളങ്കോവനും ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും യാത്രയ്ക്കായി 3,72,731 രൂപയും ഡിഎ ഇനത്തില്‍ 51,960 രൂപയും ചെലവായെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. ആകെ 4,24,691 രൂപയാണ് ഈ ഇനത്തില്‍ പിണറായിയുടെ വിദേശപര്യടനത്തിനായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത്.
ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടുണ്ടായ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കേരള പുനര്‍ നിര്‍മാണത്തിനായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പണം സ്വരൂപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് അനുവാദം നല്‍കിയത്. ഇതിനെതിരെ കേന്ദ്ര സര്‍ക്കാരിനെ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മും രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. വിദേശ മലയാളികളുടെ ഇടയിലും ഇത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. കൂടാതെ യുഎഇ 700 കോടി ദിര്‍ഹം വാഗ്ദാനം ചെയ്തെന്നും അത് വാങ്ങാന്‍ കേന്ദ്രം അനുമതി നല്‍കുന്നില്ലെന്നുമുള്ള പ്രചാരണവും നടത്തി. യുഎഇ അങ്ങനെ ഒരു വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും സംസ്ഥാനം ആരോപണം ശക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പ്രകാരം മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ദുബായിയില്‍ പോകാന്‍ അനുമതി നല്കി. അവിടെ ദുബായ് ഭരണാധികാരികളോട് മുഖ്യമന്ത്രി പ്രത്യേക ചര്‍ച്ച നടത്തി സഹായം ഉറപ്പിച്ചു. വിവിധ മലയാളി സംഘടനകളുമായി ചര്‍ച്ച നടത്തി സഹായം ഉറപ്പിച്ചുവെന്നായിരുന്നു വിദേശ സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. നവകേരള നിര്‍മാണത്തിനായി വ്യവസായി രവിപിള്ളയുടെ നേതൃത്വത്തില്‍ വിദേശ രാജ്യങ്ങളില്‍ കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഈ പണമൊക്കെ എവിടെപോയെന്ന് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയിലായി. മന്ത്രിമാര്‍ പോകേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍ ഖജനാവിലെ പണം പാഴായില്ല. ഇല്ലെങ്കില്‍ നവകേരളത്തിന്റെ പേരില്‍ മന്ത്രിസഭ മുഴുവന്‍ വിദേശ യാത്ര നടത്തി കോടികള്‍ തീര്‍ക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: