തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി കൊച്ചിയിലെത്തി. ഇന്ന് രാവിലെ ഗുരുവായൂരിലെത്തുന്ന അദ്ദേഹം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ക്ഷേത്രദര്‍ശനത്തിന് ശേഷം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന അഭിനന്ദന് സഭയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
ഇന്നലെ രാത്രി 11.45ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി, എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചു. ഇന്ന് രാവിലെ 9.15ന് നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് പുറപ്പെടും. ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിലെത്തി അവിടെ നിന്ന് കാര്‍ മാര്‍ഗം ഗുരുവായൂരിലെത്തും.
ദേവസ്വം വക ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം ദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക് പോകും. ശ്രീവത്സം ഗസ്റ്റ് ഹൗസിന്റെ ഒന്നാം നമ്പര്‍ മുറിയിലാണ് വിശ്രമസൗകര്യം ഒരുക്കിയിരിക്കുന്നത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന അഭിനന്ദന് സഭയില്‍ പങ്കെടുത്ത ശേഷം 12.45ന് കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി രണ്ടിന് ദല്‍ഹിയിലേക്ക് തിരിച്ചുപോവും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. ക്ഷേത്രദര്‍ശനവും പൊതുപരിപാടിയുമടക്കം മൂന്ന് മണിക്കൂറോളം പ്രധാനമന്ത്രി ഗുരുവായൂരില്‍ ചെലവഴിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: