ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന കലാപം വ്യാപിക്കുന്നു. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലെ തമ്മിലടി പരിഹരിക്കാനാകാതെ നേതൃത്വം വിയര്‍ക്കുന്നു. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ നീക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ രംഗത്തെത്തി. ഹരിയാനയിലെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ ഉപേക്ഷിച്ചു. പഞ്ചാബില്‍ മന്ത്രി നവ്ജ്യോത് സിങ് സിദ്ദുവിന്റെ വകുപ്പ് മാറ്റാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഗവര്‍ണര്‍ക്ക് കത്ത് നല്കി. മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥിനെതിരെ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികള്‍ പ്രതിഷേധം തുടരുകയാണ്. പരാജയത്തിന്റെ പാപഭാരമൊഴിവാക്കാന് രാജിനാടകം തുടരുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് പ്രശ്നപരിഹാരത്തിന് ശ്രമിക്കാനാകാതെ കേന്ദ്ര നേതൃത്വത്തെ കാഴ്ചക്കാരാക്കി.
തുറന്ന പോരില്‍ അമരീന്ദറും സിദ്ദുവും
തെരഞ്ഞെടുപ്പില്‍ നഗരമേഖലകളില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി നേരിട്ടതിന് കാരണം നഗരവികസന മന്ത്രിയായ സിദ്ദുവാണെന്ന അമരീന്ദറിന്റെ ആരോപണമാണ് പഞ്ചാബില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടാക്കിയത്. ഇത് യുദ്ധപ്രഖ്യാപനമായി ഏറ്റെടുത്ത സിദ്ദു ഇന്നലെ നടന്ന മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച് തിരിച്ചടിച്ചു. മുഖ്യമന്ത്രിക്ക് വിശ്വാസമില്ലെങ്കില്‍ പിന്നെന്തിന് താന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.
ഗ്രാമങ്ങളേക്കാള്‍ നഗരങ്ങളിലാണ് പാര്‍ട്ടി മുന്നേറ്റമുണ്ടാക്കിയതെന്നും സിദ്ദു അവകാശപ്പെട്ടു. ഇതിന് പിന്നാലെ സിദ്ദുവിന്റെ വകുപ്പ് മാറ്റി അമരീന്ദര്‍ വീണ്ടും പ്രഹരമേല്‍പ്പിച്ചു. ഊര്‍ജ്ജ വകുപ്പാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. സിദ്ദുവിന് മുഖ്യമന്ത്രിയാകാനാണ് ആഗ്രഹമെന്ന് ഏതാനും ദിവസം മുന്‍പ് അമരീന്ദര്‍ ആരോപിച്ചിരുന്നു. ഉന്നതസ്ഥാനത്തിരിക്കുന്നവരുടെ കലഹത്തില്‍ അന്തംവിട്ടിരിക്കുകയാണ് പാര്‍ട്ടി.
വെടിവെയ്ക്കൂ.. പൊട്ടിത്തെറിച്ച് ഹരിയാന അധ്യക്ഷന്‍
തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ രാജിയാവശ്യത്തോട് പൊട്ടിത്തെറിച്ച് ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍. സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് വിളിച്ചുചേര്‍ത്ത യോഗം കൈയാങ്കളിയിലെത്തിയതോടെ പിരിച്ചുവിട്ടു. താഴെ മുതല്‍ മുകളില്‍ വരെ പാര്‍ട്ടിയില്‍ അടിമുടി മാറ്റമുണ്ടാകുമെന്ന് ആസാദ് പറഞ്ഞതോടെ തന്‍വാറിനെ ലക്ഷ്യമിട്ട് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ അനുയായികള്‍ ബഹളമുണ്ടാക്കി.
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് തന്‍വാര്‍ രാജിവെക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ തന്‍വാര്‍ ”എന്നെ ഒഴിവാക്കുകയാണ് ലക്ഷ്യമെങ്കില്‍ വെടിവെക്കൂ” എന്നാക്രോശിച്ച് ഇറങ്ങിപ്പോയി. ”അവര്‍ രാജിവെക്കാന്‍ ഭീഷണിപ്പെടുത്തുകയാണ്. ഞാനെന്തിന് രാജിവെക്കണം. അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഹരിയാനയിലെ പത്ത് സീറ്റും ബിജെപി തൂത്തുവാരിയിരുന്നു.
ഗെഹ്ലോട്ടിനെതിരെ സച്ചിന് അനുകൂലികള്‍
അശോക് ഗെഹ്ലോട്ടിനെ നീക്കി ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ പരസ്യമായി പ്രതിഷേധം ആരംഭിച്ചു. മന്ത്രിമാരായ രമേശ് മീണയും ഉദയ്ലാലും സച്ചിനെ പിന്തുണച്ച് രംഗത്തത്തി. ”നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചത് അധ്യക്ഷനായിരുന്ന സച്ചിനാണ്. ഗെഹ്ലോട്ടിന്റെ സ്വാധീനം നഷ്ടപ്പെട്ടു. ജാട്ട്, ഗുജ്ജര്‍ വിഭാഗങ്ങളെ ഒരുമിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ല. ചെറുപ്പക്കാരനായ മുഖ്യമന്ത്രിക്ക് കൂടുതല്‍ തിളങ്ങാന്‍ കഴിയും”. എംഎല്‍എ പൃഥ്വിരാജ് മീണ തുറന്നടിച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഗെഹ്ലോട്ടിന്റെ മകന് വൈഭവ് 2.7 ലക്ഷം വോട്ടിന് തോറ്റിരുന്നു. ഇതിന്റെ ഉത്തരവാദിത്വം സച്ചിന് ഏറ്റെടുക്കണമെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം മൂര്‍ഛിച്ചത്. സച്ചിന് വിഭാഗം കാലുവാരിയതാണ് തോല്‍വിക്ക് കാരണമെന്ന് ഗെഹ്ലോട്ടിനൊപ്പമുള്ളവര് പറയുന്നു. സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചില്ല. മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥിനെ നീക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുള്ളവര്. മക്കള്‍ക്ക് സീറ്റ് തരപ്പെടുത്തിയതിന് ഗെഹ്ലോട്ടിനെയും കമല്‍നാഥിനെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതോടെയാണ് രണ്ട് സംസ്ഥാനങ്ങളിലും പോര് തുടങ്ങിയത്.
തെലങ്കാനയില്‍ 12 എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടു; ടിആര്‍എസില്‍ ലയിക്കും
ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ തെലങ്കാനയിലെ കോണ്‍ഗ്രസില്‍ കലാപം. 18 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 പേരും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു. ഇവര്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്)യില്‍ ചേരുമെന്നാണ് സൂചന.
തങ്ങളെ ടിആര്‍എസില്‍ ലയിക്കാന്‍ അനുവദിക്കണമെന്നഭ്യര്‍ഥിച്ച് 12 എംഎല്‍എമാരും ഇന്നലെ നിയമസഭാ സ്പീക്കര്‍ പോച്ചാറാം ശ്രീനിവാസിനെ കണ്ട് കത്ത് നല്കി. എംഎല്‍എമാരില്‍ മൂന്നില്‍ രണ്ടു പേര് ഈ ആവശ്യം ഉന്നയിച്ച സ്ഥിതിക്ക് ലയനത്തിന് നിയമപരമായി തടസ്സമില്ല. കോണ്‍ഗ്രസിന് 19 എംഎല്‍മാര്‍ ഉണ്ടായിരുന്നെങ്കിലും തെലങ്കാന പിസിസി പ്രസിഡന്റ് കൂടിയായ എന്‍. ഉത്തമ റെഡ്ഡി നല്‍ഗോണ്ടയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഹുസൂര്‍നഗറില്‍ നിന്നുള്ള എംഎല്‍എ പദം രാജിവച്ചു. ഇതാണ് വിമതര്‍ക്ക് തുണയായത്. അതോടെ ലയനത്തിനു വേണ്ട മൂന്നില്‍ രണ്ട് എംഎല്‍എമാരായി.
കോണ്‍ഗ്രസ് നിയമസഭാ കൗണ്‍സില്‍ ഒന്നടങ്കം കഴിഞ്ഞ ദിവസം ടിആര്‍എസില്‍ ലയിച്ചിരുന്നു. നാല് എംഎല്‍സിമാരില്‍ മൂന്നു പേരും ടിആര്‍എസില്‍ ലയിച്ചു. തെലങ്കാനയില്‍ നിയമസഭയും നിയമസഭാ കൗണ്‍സിലുമുണ്ട്.
പ്രതിപക്ഷ ശബ്ദം തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് ടിആര്‍എസ് നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: