കോട്ടയം: ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ പ്രത്യേക വാര്‍ഡിലേക്ക് മാറ്റാന്‍ സാധിക്കുമോയെന്ന് അന്വേഷിക്കുന്നതിനിടെ ബന്ധുക്കള്‍ രോഗിയുമായി പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ശേഷം എത്തിയ അവര്‍ 17 മിനിറ്റിനുള്ളില്‍ തിരിച്ചുപോയി. രോഗി മരിച്ചതില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയില്ല. രോഗിയുടെ കൂടെ വന്നവര്‍ പനിയാണെന്ന് മാത്രമാണ് അത്യാഹിത വിഭാഗത്തില്‍ അറിയിച്ചത്. വെന്റിലേറ്റര്‍ സൗകര്യം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിലവില്‍ വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന മറുപടിയാണ് ആശുപത്രിയിലെ പിആര്‍ഒ നല്‍കിയത്.
എച്ച് വണ്‍ എന്‍ വണ്‍ സംശയിക്കുന്നതായി ഡിസ് ചാര്‍ജ് നോട്ടില്‍ കുറിച്ചിരുന്നു. ഇത് കണക്കിലെടുത്ത് നിപ വാര്‍ഡില്‍ രോഗിക്കായി സൗകര്യങ്ങള്‍ ഒരുക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതിനിടെ ബന്ധുക്കള്‍ രോഗിയുമായി പോയെന്നും റിപ്പോര്‍ട്ടിലുണ്ട്. രോഗി ആംബുലന്‍സില്‍ ഉണ്ടെന്ന കാര്യം ബന്ധുക്കള്‍ അറിയിച്ചില്ല. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുന്നതിന് മുമ്പായി വെന്റിലേറ്റര്‍ സൗകര്യം ഉണ്ടോയെന്ന് ഉറപ്പാക്കിയുമില്ല. ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്‌സ് രോഗിയുടെ അവസ്ഥ മോശമെന്ന് പറയുമ്പോഴാണ് രോഗിയുമായിട്ടാണ് എത്തിയതെന്ന് ഇവര്‍ പറയുന്നത്.
രോഗിക്കായി സൗകര്യങ്ങള്‍ ഒരുക്കുന്നതിനിടെ ബന്ധുക്കള്‍ രോഗിയുമായി അടുത്ത ആശുപത്രിയിലേക്ക് പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയത്.
















