ജേക്കബ് തോമസ്
ഗാന്ധിനഗര്‍ (കോട്ടയം): പനി ബാധിച്ചെത്തിയ രോഗി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിനും സ്വകാര്യ ആശുപത്രികള്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാപിഴവിനും പോലീസ് കേസെടുത്തു. കട്ടപ്പന കുമ്പളന്താനത്ത് മുരിക്കാട്ടുകുടി ജേക്കബ് തോമസ് (73) ആണ് ആംബുലന്‍സില്‍ കിടന്ന് മരിച്ചത്. മകളുടെ പരാതിയില്‍ ഗാന്ധിനഗര്‍ പോലീസാണ് കേസെടുത്തത്. ഏറ്റുമാനൂരുള്ള മാതാ, കാരിത്താസ് എന്നീ സ്വകാര്യ ആശുപത്രികള്‍ക്കെതിരെയാണ് കേസ്. അതിനിടെ ജേക്കബ് തോമസ് മരിച്ചത് ന്യൂമോണിയ ബാധിച്ചാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
സ്വകാര്യ ലാബിലെ തെറ്റായ പരിശോധന ഫലത്തെ തുടര്‍ന്ന് കാന്‍സര്‍ സ്ഥിരീകരിക്കാതെ, യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തിലെ വിവാദം കെട്ടടങ്ങും മുമ്പേയാണ് വീണ്ടും മെഡിക്കല്‍ കോളേജിനെതിരെ ആക്ഷേപം ഉണ്ടായത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് ജേക്കബ് തോമസിനെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ എച്ച് വണ്‍, എന്‍ വണ്‍ പനിയാണെന്ന് സംശയമുണ്ടായി. തുടര്‍ന്ന് രോഗിയെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.23ന് ആണ് മെഡിക്കല്‍ കോളേജിലെത്തിയത്. എന്നാല്‍ രോഗിയെ 2.40 വരെ ഡോക്ടര്‍മാര്‍ ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ രോഗിക്ക് വെന്റിലേറ്റര്‍ വേണമെന്ന് ആവശ്യപ്പെട്ടു. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് അറിയിച്ച ആശുപത്രി അധികൃതര്‍ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് രോഗിയുമായി ഇവര്‍ ഏറ്റുമാനൂരിലെ കാരിത്താസ് ആശുപത്രിയില്‍ എത്തി. ഇവിടെയും ബെഡ് ഇല്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. തൊട്ടടുത്തുള്ള മാതാ ആശുപത്രിയില്‍ എത്തിയെങ്കിലും അവിടെയും പരിശോധിക്കാന്‍ തയാറാകാതെ മടക്കി അയച്ചു. ഇവിടെവച്ച് നെഞ്ചുവേദന ഉണ്ടായ രോഗിയെ പരിശോധിക്കണമെന്ന് ബന്ധുക്കള്‍ കരഞ്ഞ് പറഞ്ഞിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഈ സമയത്തിനുള്ളില്‍ രോഗി തീര്‍ത്തും അവശനായി. തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചുവെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹവുമായി മെഡിക്കല്‍ കോളേജില്‍ എത്തിയ ബന്ധുക്കള്‍ രോഗി മരിച്ചെന്ന വിവരം ധരിപ്പിച്ചതിന് അനുസരിച്ച് ഡെപ്യൂട്ടി ആര്‍എംഒ എത്തി സംസാരിച്ചെങ്കിലും ബന്ധുക്കളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായി.
മരിച്ച രോഗിയുടെ മകള്‍ റെനി ആംബുലന്‍സില്‍നിന്ന് ഇറങ്ങി വന്ന് പിആര്‍ഒയെ മര്‍ദിച്ചെന്നും പരാതിയുണ്ടായി. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് രാവിലെ 10ന് കോഴിമല സെന്റ്. ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: മോളി കോഴിമല കുമ്പളന്താനം കുടുംബാംഗം. മക്കള്‍: റാണി, റെനി, റോബിന, രോഷ്ന. മരുമക്കള്‍: റോയി, അനില്‍, പ്രമോദ്, പരേതനായ സോണി.
ദേശീയ ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി
ന്യൂദല്‍ഹി: കട്ടപ്പന സ്വദേശി ജേക്കബ് തോമസ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോടും കോട്ടയം ജില്ലാ കളക്ടറോടും കമ്മീഷന് ആവശ്യപ്പെട്ടു. ദേശീയ ന്യൂനപക്ഷ കമ്മീഷന് ഉപാധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ചികിത്സ നിഷേധിച്ച ആശുപത്രികള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും ക്രിസ്ത്യന്‍ സഭ നടത്തുന്നതുമാണെന്നത് ഗൗരവമായി എടുക്കേണ്ടതാണെന്ന് ജോര്‍ജ്ജ് കുര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: