കോഴിക്കോട്: എല്‍പി വിഭാഗത്തില്‍ സംസ്‌കൃതം പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം അധ്യാപക തസ്തിക നിര്‍ണയത്തിന് പരിഗണിക്കണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ എണ്ണം ആറാം പ്രവൃത്തി ദിവസത്തില്‍ രേഖപ്പെടുത്തണം. അധ്യാപക തസ്തിക നിര്‍ണയത്തിന് ഇത് പരിഗണിക്കണം.
ഏഴു വര്‍ഷമായി യുപി വിഭാഗത്തോട് ചേര്‍ന്നുള്ള എല്‍പി വിദ്യാലയങ്ങളില്‍ അമ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ സംസ്‌കൃതം പഠിക്കുന്നു. പഠനസമയവും പാഠപുസ്തകവും പരീക്ഷയുമെല്ലാം ഉണ്ടെങ്കിലും വിദ്യാര്‍ഥികളുടെ എണ്ണം അധ്യാപക തസ്തിക നിര്‍ണയത്തില്‍ പരിഗണിക്കുന്നില്ല. 15 പിരിയഡിലധികം പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഫുള്‍ടൈം തസ്തികയ്‌ക്ക് അര്‍ഹതയുണ്ടെന്നിരിക്കെ 25ലധികം പിരിയഡുകള്‍ പഠിപ്പിക്കുന്ന ആയിരത്തോളം സംസ്‌കൃത അധ്യാപകര്‍ പാര്‍ടൈം തസ്തിയിലാണ് ജോലി ചെയ്യുന്നത്. അറബി പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണമെടുക്കാനും തസ്തിക നിര്‍ണയിക്കാനും സംവിധാനമുണ്ടെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
തസ്തിക നിര്‍ണയത്തിന് എല്‍പി വിഭാഗം സംസ്‌കൃത വിദ്യാര്‍ഥികളുടെ എണ്ണവും പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ ഫെഡറേഷന്‍ സംസ്ഥാന സമിതി തീരുമാനിച്ചു. പ്രസിഡന്റ് പി. രമേശ് നമ്പീശന്‍ അധ്യക്ഷത വഹിച്ചു. എം.പി. ഹരികുമാര്‍, സി.പി. സനല്‍ചന്ദ്രന്‍, പി.ജി. അജിത്പ്രസാദ് എന്നിവര്‍ സംസാരിച്ചു.
















