ന്യൂദൽഹി: കശ്മീരിൽ ഇന്ത്യൻ സൈന്യം ലക്ഷ്യമിടുന്ന പത്ത് കൊടുംഭീകരരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു. കഴിഞ്ഞ ദിവസം കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ ഭീകരരുമായി ചർച്ചയല്ല വേണ്ടതെന്നും ,അവർക്കെതിരെ നടപടികൾ മാത്രമാണ് താൻ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പട്ടിക പുറത്തു വിട്ടത്.
എ – പ്ലസ് പ്ലസ്, എ പ്ലസ് , എ , ബി എന്നിങ്ങനെ തരം തിരിച്ചിട്ടുള്ള പട്ടികയിൽ ഹിസ്ബുൾ മുജാഹിദ് ഭീകര തലവൻ റിയാസ് നായിക് ആണ് ഒന്നാമൻ . ലഷ്കർ തലവൻ വസീം അഹമ്മദാണ് പട്ടികയിലെ രണ്ടാമൻ . ഷോപ്പിയാനിലെ ഭീകര കേന്ദ്രങ്ങളുടെ തലവനാണ് ഒസാമ എന്നറിയപ്പെടുന്ന വസീം .
ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്മാരായ മുഹമ്മദ് അഷറഫ് ഖാൻ , മെഹ്രാസുദ്ദീൻ എന്നിവരാണ് മൂന്നും , നാലും, സ്ഥാനത്ത് . ഹിസ്ബുൾ മുജാഹിദ്ദീനിലേയ്‌ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഡോക്ടർ സെയ്ഫുള്ളയാണ് പട്ടികയിൽ അഞ്ചാമതായി ഉള്ളത് .
ഹിസ്ബുൾ ഭീകരനായ അർഷായിദ് ഉൾ ഹഖ് , ബാലാക്കോട്ട് ഭീകര കേന്ദ്രത്തിൽ പരിശീലനം നേടിയ പാക് ഭീകരൻ ഹാഫീസ് ഒമർ , അഫ്ഗാനിസ്ഥാനിലെ നാറ്റോ അംഗങ്ങളുമായി ഏറ്റുമുട്ടുന്ന സഹീദ് ഷെയ്ഖ് , അൽ ബാദർ ഭീകര തലവൻ ജാവേദ് മാട്ടു , ഹിസ്ബുൾ ഭീകരൻ ഇസാസ് അഹമ്മദ് മാലിക്ക് എന്നിവരും പട്ടികയിലുണ്ട് .
















