ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി ചികിത്സ കിട്ടാതെ മരിച്ചു. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത് . എച്ച്‌വണ്‍എന്‍വണ്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസിനെ വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മടക്കിയയച്ചുവെന്നാണ് ആക്ഷേപം. ശ്വാസതടസ്സം നേരിട്ട രോഗിയെ ഉച്ചയ്‌ക്ക് 2.15 ഓടെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആശുപത്രി പിആര്‍ഒ ബെഡ്ഡില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
തുടര്‍ന്ന് രോഗിയെയും കൊണ്ട് തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും വെന്റിലേറ്റര്‍ ലഭ്യമായില്ല. കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചു. കാരിത്താസ് , മാതാ ആശുപത്രികളിലെ ഡോക്ടര്‍മാരും രോഗിയെ തിരിഞ്ഞ് നോക്കിയില്ലെന്നും മരിച്ചയാളുടെ മകള്‍ റെനി മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്കെതിരെയും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ബന്ധുക്കള്‍ അറിയിച്ചു. കാരിത്താസിലെയും മാതാ ആശുപത്രിയിലെയും ഡോക്ടര്‍മാരോട് തന്നെ ഒന്നു നോക്കൂവെന്ന് രോഗി വരെ അപേക്ഷിച്ച അവസ്ഥയുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പിന്നീട് നാലു മണിയോടെ വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. ആംബുലന്‍സില്‍ കിടന്നാണ് ജേക്കബ് മരിച്ചത്. മരണം സ്ഥിരീകരിക്കുന്നതിനു പോലും ഡോക്ടര്‍മാര്‍ തയാറായില്ലെന്നു ബന്ധുക്കള്‍ ആരോപിച്ചു. പ്രാഥമിക ശുശ്രൂഷ പോലും നല്‍കിയില്ല .
പനിയേയും ശ്വാസതടസ്സത്തെയും തുടര്‍ന്നാണ് ജേക്കബിനെ രണ്ടു ദിവസം മുന്‍പു കട്ടപ്പനയിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇന്നു രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപ്രതി അധികൃതര്‍ കോട്ടയം മെഡിക്കല്‍ കോളജിലേയ്‌ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്യാന്‍സറില്ലാത്ത യുവതിയ്‌ക്ക് കീമോ ചെയ്ത സംഭവമുണ്ടായത്. രണ്ട് വിഷയങ്ങളിലും അടിസ്ഥാന സൗകര്യക്കുറവ് തന്നെയാണ് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ജേക്കബ് തോമസിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ മുന്നില്‍ നിര്‍ത്തിയിട്ട് ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്. ഏറ്റുമാനൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി മരിച്ചയാളുടെ മകളുടെ മൊഴി രേഖപ്പെടുത്തി.
















