ദിബ്രുഗഡ്:അസമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചലിലേക്ക് പറക്കുന്നതിനിടയില്‍ കാണാതായ എ.എന്‍-32 വ്യോമസേന വിമാനത്തില്‍ അഞ്ചല്‍ സ്വദേശിയും. ഫ്ളൈറ്റ് എഞ്ചിനീയര്‍ ഏരൂര്‍ ആലഞ്ചേരി വിജയവിലാസത്തില്‍ അനൂപ് കുമാര്‍(29) ഉള്‍പ്പെടെ 13 പേരെയാണ് കാണാതായത്.
11 വര്‍ഷമായി സൈന്യത്തിലുള്ള അനൂപ് ഒന്നരമാസം മുന്‍പ് നാട്ടിലെത്തിയിരുന്നു. ഭാര്യ വൃന്ദ. ആറുമാസം പ്രായമായ കുട്ടിയുമുണ്ട്. വിമാനം തകര്‍ന്നുവീണതിന്റെ അവശിഷ്ടങ്ങളോ മറ്റു വിവരങ്ങളോ കിട്ടിയിട്ടില്ലെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു.മേഘങ്ങള്‍ നിറഞ്ഞ കാലാവസ്ഥ തിരച്ചില്‍ ദുഷ്‌കരമാക്കുന്നുണ്ട്. സുഖോയ് 30 എം.കെ.ഐ പോര്‍വിമാനവും സി-130 വിമാനവും ഹെലികോപ്ടറുകളും അന്വേഷണത്തിനായി ഉപയോഗിക്കുന്നുണ്ട്.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12: 25 നാണ് വ്യോമസേന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ട് അസമിലെ ജോര്‍ഹട്ടില്‍ നിന്നും വിമാനം യാത്രതിരിച്ചത്. ഒരുമണിയോടെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. അരുണാചലിലെ മെചുക അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടില്‍ വിമാനം എത്താഞ്ഞതിനെ തുടര്‍ന്നാണ് വ്യോമസേന അന്വേഷണം ആരംഭിച്ചത്. 8 വ്യോമസേനാ ഉദ്യോഗസ്ഥരും 5 യാത്രക്കാരുമുള്‍പ്പെടെ 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
















