കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര സേനാനിയും ജന്മഭൂമി മുഖ്യപത്രാധിപരുമായിരുന്ന വി.എം. കൊറാത്തിനെ അനുസ്മരിച്ചു. തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചടങ്ങില്‍ എം.എന്‍. കാരശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി.
നിര്‍മ്മമനായി സ്‌നേഹിക്കാനും നിര്‍ഭയമായി വിമര്‍ശിക്കാനും കഴിഞ്ഞ അപൂര്‍വ വ്യക്തിത്വമായിരുന്നു കൊറാത്തെന്ന് അദ്ദേഹം പറഞ്ഞു. സത്യവും നീതിയും ശരിയുമാണ് പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമെന്ന്് ഉറപ്പിച്ച തലമുറയുടെ പ്രതിനിധിയാണ് അദ്ദേഹം. പക്ഷപാതമില്ലാതെ പത്രപ്രവര്‍ത്തനം നടത്തിയ അദ്ദേഹം തന്റെ ബോധ്യത്തിനു വേണ്ടി മുന്‍പിന്‍ നോക്കാതെ അടിയുറച്ചു നിന്നെന്നും കാരശ്ശേരി പറഞ്ഞു.
മാറുന്ന മാധ്യമ മുഖങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനറില്‍ എന്‍.പി. ചെക്കൂട്ടി, കെ.പി. ശശിധരന്‍, മദനന്‍, കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. ഡോ. ഉള്ളൂര്‍ എം. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, രജനി സുരേഷ് എന്നിവര്‍ സംസാരിച്ചു.
















