ഗാന്ധിനഗര്‍ (കോട്ടയം): കാന്‍സറില്ലാത്ത രോഗിക്ക് കീമോതെറാപ്പി നല്കിയ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഉദ്യോഗസ്ഥലോബിയുടെ അവിശുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുവരുന്നു. യുവതിയെ സ്വകാര്യലാബിലേക്ക് പറഞ്ഞുവിട്ടതിനു പിന്നില്‍ ആശുപത്രിക്കുള്ളിലെ ഉദ്യോഗസ്ഥരെന്ന് സൂചന. കൂട്ടുകച്ചവടത്തിന്റെ ഇരയാണ് വീട്ടമ്മയെന്നും സ്വകാര്യലാബില്‍ പരിശോധനയ്ക്ക് രോഗിയോട് നിര്‍ദേശിച്ചത് ആരെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നുമുള്ള ആവശ്യം ശക്തമായി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ചെങ്ങന്നൂര്‍ കൂശനാട് സ്വദേശി രജനി (38) കോട്ടയം മെഡിക്കല്‍ കോളേജില്‍ മാറിടത്തില്‍ മുഴയുമായി പരിശോധനയ്ക്ക് എത്തുന്നത്. ഇവരെ സര്‍ജറി നാലാം യൂണിറ്റിലെ പ്രധാന ഡോക്ടര്‍ പരിശോധിച്ചു. കോട്ടയത്തെ ഉന്നത സിപിഎം നേതാവിന്റെ ബന്ധുവാണ് ഡോക്ടര്‍. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ബയോപ്സി ടെസ്റ്റിന് വിധേയയായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധനാഫലം ലഭിക്കാന്‍ വൈകുമെന്ന ന്യായീകരണമാണ് സ്വകാര്യലാബിലേക്ക് പറഞ്ഞുവിടുന്നതിനായി ഇദ്ദേഹം മുന്നോട്ടുവച്ചത്. തുടര്‍ന്നാണ് സ്വകാര്യലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതെന്നാണ് ആരോപണം.
ആരോഗ്യമന്ത്രിക്ക് ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഉണ്ടായിരുന്നതായും എന്നാല്‍ ഈ ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടാകാതിരിക്കാന്‍ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് പൂഴ്ത്തിയെന്നും ആക്ഷേപമുണ്ട്. ആദ്യ റിപ്പോര്‍ട്ട് നിലനില്‍ക്കെ അതേ റിപ്പോര്‍ട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തി രണ്ടാമതും ആരോഗ്യമന്ത്രിക്ക് നല്‍കിയെന്നാണ് ആരോപണം. രോഗികള്‍ക്ക് പല രീതിയിലുള്ള പരിശോധനകളും ആവശ്യമായിവരുമ്പോള്‍ സ്വകാര്യലാബിലേക്ക് പരിശോധനയ്ക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കരുതെന്ന ചട്ടമാണ് ഇവിടെ ലംഘിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: