മണത്തണക്ക് സമീപമുള്ള അത്തിക്കണ്ടം കാവില്‍ കെട്ടിയാടുന്ന ശ്രീപോര്‍ക്കലീ സങ്കല്പത്തിലുള്ള ദേവതയാണ് അത്തിക്കണ്ടത്തില്‍ ഭഗവതി. മണത്തണയിലെ പ്രമുഖ നായര്‍ തറവാടായ കുളങ്ങരേത്ത് തറവാടില്‍ (കൊട്ടിയൂരിലെ നാല് ഊരായ്മാ തറവാടുകളിലൊന്ന്) കുട്ടികളില്ലാത്തതിനാല്‍ പൊയ്യക്കല്ലറക്കാവില് നിന്ന് ഭഗവതി ഒരു കുട്ടിയായി ആ തറവാട്ടിലെത്തി.
അവള് വളര്‍ന്നപ്പോള്‍ പഴയകൂടത്ത് ഇല്ലത്ത് വിവാഹം കഴിച്ചുനല്‍കി. അവള് അര്‍ദ്ധരാത്രിയില്‍ കിടപ്പറയില്‍ നിന്നും എഴുന്നേറ്റ് പോകുന്നത് പതിവായി. പുറത്ത് വച്ച് മനുഷ്യരൂപം മാറി രൗദ്രരൂപിണിയായി യാത്ര തുടരും. പോത്തുകളുടെ സങ്കേതമായ ഒരു സ്ഥലത്തേക്കാണ് പോകുക. അവിടെച്ചെന്ന് പോത്തുകളെ കൊന്ന് രക്തവും മാംസവും കഴിച്ച് അസ്ഥികള്‍ കടിച്ച്പൊട്ടിക്കും. ആ സ്ഥലത്തിന് പില്ക്കാലത്ത് അത്തിക്കണ്ടം എന്ന് പേരുവന്നത് അതുകൊണ്ടാണ്.
ക്രമേണ ഭര്‍ത്താവിന് കാര്യം മനസ്സിലായി. അയാള്‍ വെറ്റിലച്ചെല്ലത്തില്‍ കൊട്ടടക്ക കൊണ്ടുവച്ചു. അവള് വെറ്റിലമുറുക്കാന്‍ തുടങ്ങിയപ്പോള്‍ ചെല്ലത്തില്‍ പഴുക്കടക്കക്കു പകരം കൊട്ടടക്കയാണ് കണ്ടത്. പഴുക്കടക്കയില്ലേ എന്ന് അവള് അന്വേഷിച്ചപ്പോള്‍ പോത്തിന്റെ അസ്ഥി കടിച്ചുപൊട്ടിക്കുന്നവള്ക്ക് കൊട്ടടക്ക ചവച്ചരക്കാന്‍ പ്രയാസമുണ്ടാവില്ലെന്ന് ഭര്‍ത്താവിന്റെ മറുപടി. തന്റെ രഹസ്യം വെളിപ്പെട്ടതായി മനസ്സിലായ അവള് ഭര്‍ത്താവിനെ കൊന്ന് കുളത്തിലിട്ട ശേഷം ആ വീട് ഉപേക്ഷിച്ച് പോയി. പിന്നീട് യോഗിഗുരുക്കന്മാരാണ് ഈ ദേവതയെ ആരാധിച്ചു തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: