കോഴിക്കോട്: രോഗം തുടക്കത്തിലേ തിരിച്ചറിയാനാവാത്തതായിരുന്നു നിപയുടെ ആദ്യവരവില്‍ ഉണ്ടായ പിഴവ്. നിപ രോഗലക്ഷണങ്ങളോടെയാണ് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ വളച്ചുകെട്ടി മുഹമ്മദ് സാബിത്ത് മരിച്ചതെങ്കിലും നിപയാണെന്ന് കണ്ടെത്തിയിരുന്നില്ല.
മരിച്ചതിന് ശേഷം ആന്തരിക സ്രവങ്ങള്‍ സൂക്ഷിക്കുകയോ വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയോ ചെയ്യാത്തതിനാല്‍ രോഗ കാരണം കണ്ടെത്താനായില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു സാബിത്തിനെ ചികിത്സിച്ചത്. സഹോദരന് സാലിഹിനെ ഇതേ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട്ട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയിലെ ഡോക്ടര്‍ അനൂപ് കുമാറാണ് നിപ സംശയം സ്ഥിരീകരിക്കാന്‍ രക്തസാമ്പിളുകള്‍ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.
ഇതേത്തുടര്‍ന്നുള്ള വിദഗ്ധ പരിശോധനയിലാണ് നിപ എന്ന വൈറസാണ് രോഗബാധയ്ക്ക് കാരണമെന്ന് സ്ഥിരീകരിച്ചത്. ഏതാണ്ട് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗകാരണം കണ്ടെത്തിയത്. ഇതിനിടയില്‍ ചികിത്സയ്ക്കിടയിലും മറ്റുമായി വ്യാപകമായി രോഗം പടര്‍ന്ന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ രോഗലക്ഷണങ്ങളുടെ തുടക്കത്തിലേ പരിശോധന നടത്തിയത് കാരണം നിപ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനാല്‍ രോഗം വ്യാപിക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കാനായി.
അജ്ഞാത കാരണങ്ങളാല്‍ മരണം ഉണ്ടാകുമ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടത്തുകയോ ആന്തരിക സ്രവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയോ ചെയ്യണം. എന്നാല്‍ കോഴിക്കോട്ടെ നിപയുടെ ആദ്യ വരവില്‍ ഇത് ലംഘിക്കപ്പെട്ടു. വൈറസിന്റെ ഉത്ഭവം കണ്ടെത്താനാവാത്തതും തിരിച്ചടിയായി. വവ്വാലില്‍ നിന്നായിരിക്കാം വൈറസ് പകര്‍ന്നതെന്ന നിഗമനത്തിലാണ് അധികൃതരെത്തിയത്. ഒരു വര്‍ഷത്തിനിടയില്‍ നിപ തിരിച്ചുവരാമെന്ന മുന്നറിയിപ്പും അന്ന് വിദഗ്ധര്‍ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: