നെയ്യാറ്റിന്‍കര: സംസ്ഥാനത്ത് നിരോധിച്ച പാന്‍മസാലകള്‍ യഥേഷ്ടം അതിര്‍ത്തി കടന്നെത്തുന്നു. ഇത്തരം പാന്‍മസാലകള്‍ അമരവിളയില്‍ സുലഭം. അര്‍ബുദരോഗങ്ങള്‍ക്കും മരണത്തിനുംവരെ കാരണമാകുന്ന നിരോധിത പാന്‍മസാലകളാണ് സംസ്ഥാനത്തിന്റെ തെക്കേ അതിര്‍ത്തിപ്രദേശമായ അമരവിളയിലും സമീപപ്രദേശങ്ങളിലും സുലഭമായി ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സംയോജിത ചെക്ക്‌പോസ്റ്റിനു സമീപത്തുള്ള കടകളില്‍ പരസ്യമായി വില്‍പ്പനകള്‍ നടത്തുന്നുവെന്ന പരാതികള്‍ ഉയരുകയാണ്. തമിഴ്‌നാട്ടില്‍ എട്ട് രൂപയ്‌ക്കും 10 രൂപയ്‌ക്കും ലഭിക്കുന്ന പാന്‍മസാലയ്‌ക്ക് അമരവിള ചെക്ക്‌പോസ്റ്റ് പരിസരങ്ങളിലും പാറശ്ശാലയിലും 20 രൂപ മുതല്‍ 30 രൂപ വരെ നല്‍കേണ്ടിവരും. എന്നാല്‍ ചെക്ക്‌പോസ്റ്റ് കടന്നാല്‍ നെയ്യാറ്റിന്‍കരയില്‍ വില ഇരട്ടിയാകും. ഇത്തരത്തില്‍ കൊള്ളലാഭമാണ് നിരോധിത പാന്‍മസാലകളിലൂടെ ചില വ്യാപാര സ്ഥാപനങ്ങള്‍ കൊയ്യുന്നത്.
തമിഴ്‌നാട്ടില്‍ നിന്നും വരുന്ന ഇത്തരം നിരോധിത പാന്‍മസാലകള്‍ അതിര്‍ത്തിയിലെ ആദ്യ ചെക്ക്‌പോസ്റ്റായ അമരവിള കടന്നാണ് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത്. ശക്തമായ പരിശോധനകള്‍ നടക്കുന്നുവെന്ന് അവകാശപ്പെടുന്ന ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് എങ്ങനെയാണ് ഇവ സംസ്ഥാനത്തേക്ക് കടത്തുന്നതെന്ന ചോദ്യത്തിനു ഉത്തരമില്ല. നിരോധിത പാന്‍മസാലകളുടെ വില്‍പ്പനകളെക്കുറിച്ച് വിവാദമുണ്ടാകുന്ന സമയങ്ങളില്‍ മാത്രമാണ് ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കുന്നത്.
ചെക്ക്‌പോസ്റ്റില്‍ പിടികൂടുന്ന നിരോധിത പാന്‍മസാലകള്‍ ഉള്‍െപ്പടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ സമീപ കടകളില്‍ ഉദ്യോഗസ്ഥര്‍ തന്നെ മറിച്ച് വില്‍ക്കുന്നുവെന്ന ആരോപണവുമുണ്ട്. തെക്കേ അതിര്‍ത്തിയില്‍ വളരെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ട ചെക്ക്‌പോസ്റ്റാണ് അമരവിളയിലേത്. എന്നാല്‍ ഇവിടെ നിയമലംഘനങ്ങള്‍ പലതും കണ്ടില്ലെന്നു നടിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിനു തന്നെ ദോഷകരമായി മാറുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
















