തിരുവനന്തപുരം: നിപ വൈറസ് ബാധയടക്കം സ്ഥിരീകരിക്കാന്‍ സംവിധാനമൊരുക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ കേരളം പാഴാക്കി. 2015 ല്‍ മൂന്ന് കോടി ഇരുപത്തി ഒന്‍പത് ലക്ഷം രൂപയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക വൈറോളജി ലാബ് തുടങ്ങാന്‍ മോദി സര്‍ക്കാര്‍ അനുവദിച്ചത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ അതേ സൗകര്യങ്ങളോടെയുമുള്ള വൈറോളജി റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലാബാണ് പദ്ധതിയില്‍ ഉദേശിച്ചിരുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെയായിരുന്നു ഇത്. ലാബ് തുടങ്ങാനായി 5.29 കോടി രൂപ ഫണ്ട് ലഭിച്ചെങ്കിലും വൈറോളജി ലാബ് പ്രവര്‍ത്തന സജ്ജമായിട്ടില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി ഡിപ്പാര്‍ട്ട്മെന്റാണ് ഇപ്പോള്‍ വൈറോളജി പരിശോധന നടത്തുന്നത്. പരിമിതമായ പരിശോധനാ സൗകര്യങ്ങളേ ഇവിടെയുള്ളൂ. നിപ വീണ്ടും പടര്‍ന്ന സാഹചര്യത്തില്‍ സാമ്പിളുകള്‍ പൂനയിലേക്ക് അയച്ച് പരിശോധിപ്പിക്കേണ്ടി വന്നത് അതുകൊണ്ടാണ്.

ഗവേഷണം, മികച്ച സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പരിശോധനകള്‍ എന്നിവയിലൂടെ രോഗികളെ രക്ഷപ്പെടുത്താനാണ് വൈറോളജിലാബ് പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. പദ്ധതിയുടെ ആവര്‍ത്തനചിലവുകള്‍ക്കായി പ്രതിവര്‍ഷം മുപ്പത്തിയഞ്ചു ലക്ഷം രൂപയും അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. എന്നാല്‍, നാലു വര്‍ഷത്തോളം ഒരു ചെറുവിരല്‍പോലും ആരോഗ്യവകുപ്പ് അനക്കിയില്ല. ലാബിനുപറ്റിയ ഒരു സ്ഥലം പോലും അധികൃതര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാത്തതുകൊണ്ട് ആവര്‍ത്തനചിലവായ മുപ്പത്തഞ്ചുലക്ഷം അനുവദിക്കുന്നത് കേന്ദ്രം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് എം.പി എംവി രാഘവന്‍ കേന്ദ്രത്തിന് കത്തയച്ചു. ഇതിനെതുടര്‍ന്ന് 5.51 ലക്ഷം രൂപ കേരളത്തിന് ലഭിച്ചിരുന്നു. എന്നാല്‍, കേരള സര്‍ക്കാരിന്റെ പിടിപ്പ് കേട്കൊണ്ട് ലാബ് പ്രവര്‍ത്തനം കടലാസില്‍ മാത്രം ഒതുങ്ങുകയായിരുന്നു.
















