കൊച്ചി: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. എറണാകുളത്ത് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിന് നിപ വൈറസാണ് ബാധിച്ചതെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലം വ്യക്തമാക്കുന്നു. ആലപ്പുഴ, ഭോപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ പരിശോധനാഫലം ഇക്കാര്യത്തില്‍ സംശയമുയര്‍ത്തിയിരുന്നെങ്കിലും പൂനെയിലെ പരിശോധനയില്‍ നിപ തന്നെയെന്ന് ഉറപ്പിച്ചു.
അതീവജാഗ്രതയോടെ ആരോഗ്യവകുപ്പു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതിനാല്‍ ഭയപ്പെടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. 311 പേര് നിരീക്ഷണത്തിലാണ്. നിപ ബാധിതനായ യുവാവിനെ ചികിത്സിച്ച മൂന്ന് നഴ്സുമാരും യുവാവിന്റെ സുഹൃത്തും മറ്റൊരാളും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് പനിയും തൊണ്ടവേദനയുമുള്പ്പെടെയുള്ള ലക്ഷണങ്ങളാണുള്ളത്. ഇവരുടെ സ്രവത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, ഇടുക്കി ജില്ലകളിലുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. എറണാകുളം ജില്ലയില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു.
നിപ ബാധ സ്ഥിരീകരിച്ചതോടെ ഏഴംഗ കേന്ദ്രസംഘം കൊച്ചിയിലെത്തി. ഡോ. രുചി ജയിനിന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുമായി ചര്‍ച്ച നടത്തി.
പറവൂര്‍ തുരുത്തിപ്പുറം സ്വദേശിയായ യുവാവിന് നിപ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നേരത്തെ ആലപ്പുഴയിലേയും ഭോപ്പാലിലേയും വൈറോളജി ലാബുകളിലും ബെംഗളൂരുവിലെ സ്വകാര്യ ലാബിലും നടത്തിയ പരിശോധനയില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കാനാണ് മണിപ്പാലിലേക്കും പിന്നീട് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിള്‍ അയച്ചത്.
നിപയെ നേരിടാന്‍ ആരോഗ്യവകുപ്പ് പൂര്‍ണസജ്ജമാണെന്ന് മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. ആരും ആശങ്കപ്പെടേണ്ടതില്ല. ഒറ്റക്കെട്ടായി നിപയെ നേരിടാമെന്നും മന്ത്രി പറഞ്ഞു. നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്നുണ്ട്.
മെയ് 30നാണ് രോഗലക്ഷണങ്ങളുമായി യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തൊടുപുഴയിലെ സ്വകാര്യ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥിയായ ഇയാള്‍ ഇന്റേണ്‍ഷിപ്പിനായാണ് തൃശൂരിലെ കെല്‍ട്രോണില്‍ എത്തിയത്. അവിടന്ന് പനി ബാധിച്ചു. വിട്ടുമാറാത്ത പനിയെത്തുടര്‍ന്ന് സ്വദേശമായ പറവൂരിലെ പ്രാഥമിക കേന്ദ്രത്തില്‍ ചികിത്സ തേടി. പനി മാറാത്തതിനെത്തുടര്‍ന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: