ന്യൂദല്‍ഹി: പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റെടുത്ത നരേന്ദ്ര മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനം തന്ത്രപ്രധാനമായ മാലദ്വീപിലേക്കും ശ്രീലങ്കയിലേക്കും. എട്ട്, ഒമ്പത് തീയതികളില്‍ മോദി ഈ രാജ്യങ്ങളിലെത്തും. ചൈനയുമായി അകലുന്ന മാലദ്വീപും ഭീകരാക്രമണത്തിന്റെ ആഘാതത്തില്‍ വിറങ്ങലിച്ച് നില്ക്കുന്ന ശ്രീലങ്കയും ഏറെ പ്രതീക്ഷയോടെയാണ് മോദിയുടെ സന്ദര്‍ശനത്തെ കാണുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുമ്പ് എക്സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ മോദിയെ മാലദ്വീപ് സന്ദര്‍ശനത്തിനായി ക്ഷണിച്ചിരുന്നു. മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് രണ്ടാമൂഴത്തിലെ ആദ്യ വിദേശ സന്ദര്‍ശനം മോദി മാലദ്വീപിലേക്കാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുള്ള യമീന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായിരുന്നു. എന്നാല്‍, പുതിയ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലി അധികാരത്തിലെത്തിയതോടെ ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമായി.
എട്ടിന് വൈകിട്ട് മാലദ്വീപിലെത്തുന്ന മോദി ഒമ്പതിന് ശ്രീലങ്കയിലേക്ക് തിരിക്കും. ഇവിടെ നിന്നാണ് തിരികെ ദല്‍ഹിക്ക് പോവുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി ലങ്കയിലേക്ക് പോകുന്നത്. എട്ടിന് ഉച്ചയ്ക്ക് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് നാലു മണിയോടെ കൊച്ചിയില്‍ നിന്നാണ് മാലദ്വീപ്-ശ്രീലങ്ക യാത്രയ്ക്ക് പുറപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: