പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനനയം നല്ലതാണെന്ന് പറഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളകുട്ടിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരിക്കുന്നു. പാര്‍ട്ടിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പൊതുവികാരത്തിന് എതിരായ അഭിപ്രായപ്രകടനമാണ് എന്ന കാരണം പറഞ്ഞാണ് നടപടി. എന്‍ഡിഎയുടെ ഉജ്ജ്വലവിജയത്തിന് കാരണം നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണെന്നും, മഹാത്മാഗാന്ധിയെപ്പോലെ നരേന്ദ്രമോദിയും സമാധാനത്തിനായിട്ടാണ് ശ്രമിക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി എഴുതി. ഉടന്‍തന്നെ അദ്ദേഹത്തോട് കോണ്‍ഗ്രസ് വിശദീകരണം ചോദിച്ചെങ്കില്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മറുപടി നല്കി.തുടര്‍ന്നാണ് നടപടി. നേരത്തെ സിപിഎം എംപിയായിരുന്നപ്പോള്‍ ഗുജറാത്ത് വികസനമാതൃക നല്ലതെന്ന് പറഞ്ഞതിന് ആ പാര്‍ട്ടിയില്‍നിന്നും പുറത്തായ ആളാണ് അബ്ദുള്ളകുട്ടി. സിപിഎം പുറത്താക്കിയപ്പോള്‍ ഇരുകയ്യുംനീട്ടി കോണ്‍ഗ്രസ് സ്വീകരിക്കുകയും മത്സരിപ്പിച്ച് എംഎല്‍എയാക്കുകയും ചെയ്തു. ഇപ്പോള്‍ സത്യം പറഞ്ഞതിന് ഒരിക്കല്‍ക്കൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു ഒരുകാലത്ത് രാഷ്ട്രീയത്തിലെ അത്ഭുതക്കുട്ടിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ കണ്ണൂര്കാരന്.
ഫെയ്സ്ബുക്ക് പോസ്റ്റിലാണ് നരേന്ദ്രമോദിയുടെ വികസനനയത്തെ അബ്ദുള്ളക്കുട്ടി പുകഴ്ത്തിയത്. രാജ്യത്തിന്റെ പുരോഗതിക്ക് ഇത് സഹായകമാകുമെന്ന് കുറിക്കുകയും ചെയ്തു. മാത്രമല്ല, മോദി സമാധാനത്തിനുവേണ്ടി നിലകൊള്ളുന്ന ആളാണെന്നും നരേന്ദ്രമോദിയെ നാഴികയ്ക്ക് നാല്‍പ്പതുവട്ടം കഴിവുകെട്ടവനെന്നും കള്ളനെന്നും വിളിച്ചുകൂവുന്ന കോണ്‍ഗ്രസിന്റെ ഛോട്ടാനേതാക്കള്‍ക്ക് ഇത് പിടിച്ചില്ല. ഗുജറാത്ത് വികസന മാതൃക സംബന്ധിച്ച പ്രസ്താവനയുടെ പേരില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടി 2009ല്‍ കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിപ്പിച്ചപ്പോള്‍ മോദിയെപുകഴ്ത്തിയുള്ള പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നത് ചെയ്തില്ല. എന്നിട്ടും വന്‍ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. അതിനര്‍ത്ഥം പുതിയ തലമുറയ്ക്ക് ഇഷ്ടമുള്ള നിലപാടാണ് തന്റേതെന്നായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്. വീണ്ടും അത്തരമൊരു പ്രസ്താവന നടത്തിയെന്നേയുള്ളൂ. നരേന്ദ്രമോദിയുടെ ഭരണത്തിന്‍കീഴില്‍ ഉണ്ടായ നേട്ടങ്ങളെ അക്കമിട്ട് നിരത്തിയാണ് വിമര്‍ശകര്‍ക്ക് അബ്ദുള്ളകുട്ടി മറുപടിനല്‍കിയത്. ആരുടെയും കാലുപിടിച്ചോ ഗ്രൂപ്പുകളിച്ചോ കോണ്‍ഗ്രസ് നേതാവാകാത്ത തനിക്ക് സ്വന്തം അഭിപ്രായം പറയാന്‍ ഒരാളുടെയും ഓശാനവേണ്ടെന്ന നിലപാടിലാണ് കുട്ടി. സിപിഎം ബംഗാളില്‍ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ മാതൃക കേരളത്തിലും സ്വീകരിക്കണമെന്ന് പിണറായി വിജയന് നിര്‍ദ്ദേശിച്ചതായി ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുകൂടിയായിരുന്ന അബ്ദുള്ളകുട്ടിയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്ന് അന്ന് ആവശ്യമുയര്‍ന്നെങ്കിലും ഉറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചും നരേന്ദ്രമോദിയെക്കുറിച്ചും സാധാരണക്കാരുടെ ചിന്തയാണ് രണ്ടുതവണ പാര്‍ലമെന്റംഗമായും ഒരു തവണ എംഎല്‍എയായും പ്രവര്‍ത്തിച്ച അബ്ദുള്ള കുട്ടിയുടെ വാക്കുകളില്‍നിന്നും ഉയര്‍ന്നത്. കോണ്‍ഗ്രസിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച് പാരമ്പര്യമുള്ള അബ്ദുള്ളകുട്ടി ഏത് അളവുകോല്വച്ച് അളന്നാലും സംഘിയല്ല. ന്യൂനപക്ഷവിരുദ്ധ പാര്‍ട്ടിയാണ് ബിജെപി എന്നുപറഞ്ഞ് ആര്‍ത്തട്ടഹസിക്കുന്നവര്‍ക്ക് ഉള്ള മറുപടികൂടിയാണ് അബ്ദുള്ളകുട്ടിയുടെ വാക്കുകള്‍. അതുകൊണ്ടുതന്നെയാണ് ഒട്ടും ദഹിക്കാതെ വന്നത്. മോദിയുടെ വികസന പ്രവര്‍ത്തനങ്ങളല്ല, എന്‍ഡിഎയെ അധികാരത്തിലെത്തിച്ചത് എങ്കില്‍ പിന്നെ എന്ത് എന്ന് പറയാന്‍ അബ്ദുള്ളകുട്ടിയെ പുറത്താക്കിയവര്‍ക്ക് ബാധ്യതയുണ്ട്. രാഹുല്‍ഗാന്ധിയുടെ കഴിവുകേടാണെന്ന് സമ്മതിക്കുമോ? എതിര്‍പക്ഷത്തുനില്‍ക്കുന്ന രാഷ്ട്രീയ നേതാവിനെക്കുറിച്ച് നല്ലവാക്കുപറഞ്ഞു എന്നതിന്റെ പേരില്‍ ഒരാളെ പാര്‍ട്ടിയുടെ പടിയടച്ച് പിണ്ഡംവയ്ക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. കോണ്‍ഗ്രസിലും കമ്യൂണിസ്റ്റിലും സത്യംപറയാന്‍ വെമ്പിനില്ക്കുന്ന നിരവധി അബ്ദുള്ളകുട്ടിമാരുണ്ട്. അതിന്റെ പ്രതിഫലനമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി ലഭിച്ച വോട്ടുകള്‍. അത്തരക്കാരെ ഭയപ്പെടുത്തുക എന്ന സങ്കുചിത ലക്ഷ്യവും പുറത്താക്കലിന് പിന്നിലുണ്ട്. അതൊന്നും വിജയം വരിക്കില്ലെന്നതാണ് രാഷ്ട്രീയ യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: