ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രിയായി ചുമതലയേല്‍ക്കാന്‍ നിര്‍മ്മാണ്‍ ഭവനിലേക്ക് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ എത്തിയത് സൈക്കിളില്‍. ചാന്ദ്നി ചൗക്കില്‍ നിന്നും വിജയിച്ചാണ് ഹര്‍ഷ വര്‍ദ്ധന്‍ ലോക്സഭയിലെത്തിയത്.
തന്റെ വസതിയില്‍ നിന്നും ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്ക് സൈക്കിള്‍ ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇത് ജനങ്ങളില്‍ ആരോഗ്യ പരിപാലനത്തേക്കുറിച്ച് അവബോധമുണ്ടാക്കാന്‍ സഹായിക്കുമെന്നും ചുമതലയേറ്റ ശേഷം അദ്ദേഹം വ്യക്തമാക്കി. സൈക്ലിങ്ങാണ് ഇഷ്ട വിനോദമെന്നും പരിസ്ഥിതിയോട് ഏറ്റവും ഇണങ്ങി നില്‍ക്കുന്ന ഗതാഗത രീതിയാണിതെന്നും അദ്ദേഹം പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ഇന്നലെ ലോക സൈക്കിളിങ്ങ് ദിനവുമായിരുന്നു.
ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കാത്ത അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയയ്‌ക്കുമെന്ന് അദ്ദേഹം അറിയിച്ചു. ദല്‍ഹി, ബംഗാള്‍, ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണ് പദ്ധതി നടപ്പാക്കാത്തത്. 27 ലക്ഷം ആളുകള്‍ക്ക് ഇതുവരെ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു. 15,000 മുതല്‍ 16,000 വരെ ആശുപത്രികളെ പദ്ധതിയുമായി ബന്ധിപ്പിച്ചു. 2022-ഓടെ ആയുഷ്മാന്‍ പദ്ധതിക്കു കീഴില്‍ 1.5 ലക്ഷം ആരോഗ്യ കേന്ദ്രങ്ങളാണ് പ്രധാനമന്ത്രിയുടെ സ്വപ്നമെന്നും ഹര്‍ഷ് വര്‍ദ്ധന്‍ വ്യക്തമാക്കി.
















