കൊച്ചി: എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിദഗ്ധ സംഘം കൊച്ചിയില്‍ എത്തും. വിദഗ്ധ ചികിത്സയ്‌ക്ക് നേതൃത്വം നല്‍കാന്‍ വിദഗ്ധ സംഘം കൊച്ചിക്ക് തിരിച്ചു കഴിഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആറംഗ സംഘമാണ് കൊച്ചിയിലേക്ക് തിരിച്ചത്. രണ്ട് നഴ്‌സുമാരും ഒരു റിസര്‍ച്ച് അസിസ്റ്റന്റും സംഘത്തില്‍ ഉണ്ട്.
എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. മുഖ്യമന്ത്രിയുമായി സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം ആരോഗ്യമന്ത്രി കെ.കെ. ശൈലജയും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.
കൊച്ചിയില്‍ ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാകും തുടര്‍നടപടികള്‍ ഉണ്ടാവുക. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ രോഗത്തിന് വേണ്ട എല്ലാ മരുന്നുകളും ലഭ്യമാണ്. കോഴിക്കോട്ട് രോഗബാധ ഉണ്ടായ സമയത്ത് ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിച്ച മരുന്നുകള്‍ ഇപ്പോഴും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മരുന്ന് എത്തിക്കാനുള്ള നടപടിയും മുന്‍കൂറായി എടുത്തിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം നിപാ വൈറസ് ബാധയെന്ന സംശയത്തില്‍ തൃശൂര്‍ ജില്ലയിലെ കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയതായി ഡിഎംഒ ഡോ. കെ.ജെ. റീന അറിയിച്ചു. പനി ബാധിച്ചിരിക്കേ യുവാവ് തൃശൂരില്‍ എത്തിയ സാഹചര്യത്തിലാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
യുവാവ് രണ്ട് ആഴ്‌ച്ചത്തെ തൊഴില്‍ പരിശീലനത്തിനായി തൃശൂരില്‍ എത്തിയിരുന്നു. ഇതിനിടയിലാണ് പനി ബാധിക്കുന്നത്. യുവാവിന് ഒപ്പമുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ പനിയുടെ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ പനിയുടെ ഉറവിടം തൃശൂരല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഡിഎംഒ കൂട്ടിച്ചേര്‍ത്തു.
















