മട്ടാഞ്ചേരി: കോടതി ജീവനക്കാരുടെ നടപടി വീഴ്ചയില്‍ വാദിക്കുണ്ടായ ലക്ഷങ്ങളുടെ നഷ്ടം സ്വന്തം ശമ്പളത്തില്‍ നിന്ന് നല്‍കി ശ്രദ്ധേയനായ ന്യായാധിപന്‍ മനോഹര്‍ കിണി വിരമിച്ചു. ചെറളായി സ്വദേശിയായ മനോഹര്‍ കിണി കാസര്‍ക്കോട് ജില്ലാ ജഡ്ജിയായാണ് വിരമിച്ചത്.
ജില്ലാ ജഡ്ജിയായിരുന്ന പരേതനായ ശ്രീനിവാസ കിണിയുടെ മകനായ മനോഹര്‍ കിണി, 1983 ജനുവരിയിലാണ് വക്കീലായി എന്റോള്‍ ചെയ്തത്. 1991 ജനുവരിയില്‍ നെയ്യാറ്റിന്‍കര മുന്‍സിഫായി ന്യായാധിപ ജീവിതം തുടങ്ങി. ആലപ്പുഴ മജിസ്‌ട്രേറ്റ്, തലശ്ശേരി സബ് ജഡ്ജ് മഞ്ചേരി സിജിഎം, എംഎസിടി ജഡ്ജ്, കാസര്‍കോട് കുടുംബകോടതി ജഡ്ജ്, അഡീഷണല്‍ സെഷന്‍സ് ജഡ്ജ്, പാലക്കാട് അഡീ. ജില്ലാ ജഡ്ജ് നിലകളിലെല്ലാം പ്രവര്‍ത്തിച്ചു. ശേഷമാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായത്.
28 വര്‍ഷക്കാലത്തെ ന്യായാധിപ സേവനത്തില്‍ 20 വര്‍ഷകാലവും മനോഹര്‍ കിണി മലബാറിലായിരുന്നു. 2015 മാര്‍ച്ചിലായിരുന്നു കോടതി ജീവനക്കാരുടെ വീഴ്ചയില്‍ വാദിക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായത്. താനുള്‍പ്പെട്ട സ്ഥാപനത്തിനുണ്ടായ വീഴ്ചയില്‍ തനിക്കും ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ് നഷ്ടം സ്വന്തം ശമ്പളത്തില്‍ നിന്നും നല്‍കുകയായിരുന്നു. ഇതോടെയാണ് മനോഹര്‍ കിണി ശ്രദ്ധിക്കപ്പെടുന്നത്.
ഇനിയുള്ള കാലം രണ്ടര പതിറ്റാണ്ടിന്റെ നീതിന്യായ ജീവിതാനുഭവങ്ങളുടെ രചനയിലും കൊച്ചിയിലെ കുടുംബക്ഷേത്ര നടത്തിപ്പുകാര്യങ്ങളിലുമായി നയിക്കാനാണ് മനോഹര്‍ കിണിയുടെ ആഗ്രഹം.
ആശാ കിണിയാണ് ഭാര്യ. മക്കളായ അശോക് കിണിയും സ്മൃതി കിണിയും അഡ്വക്കേറ്റുമാരാണ്. മരുമകള്‍ സരിത എന്‍ജിനിയറും.
















