വൈപ്പിന്‍: സര്‍ക്കാര്‍ വഞ്ചിച്ചതോടെ ഗോശ്രീബസ്സുകളുടെ നഗര പ്രവേശം സാധ്യമാക്കണമെന്നാവശ്യവുമായി ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി മുഖ്യമന്ത്രിയുടെ വീടിമുന്നില്‍ സമരത്തിനൊരുങ്ങുന്നു. 2004ല്‍ ഗോശ്രീപാലം തുറന്നതുമുതല്‍ ഗോശ്രീ ബസുകളുടെ നഗരപ്രവേശനം ഉടന്‍ സാധ്യമാക്കുമെന്ന് മാറിമാറി വരുന്ന ഭരണാധികാരികള്‍ ഉറപ്പ് നല്‍കിയെങ്കിലും 15 വര്‍ഷമായിട്ടും നഗരപ്രവേശനം സാധ്യമായില്ല. ഇതാണ് സമരം മുഖ്യമന്ത്രിയുടെ വീടിനുമുന്നിലേക്ക് മാറ്റാൻ കാരണമെന്ന് ചെയര്‍മാന്‍ പോള്‍ ജെ. മാമ്പിള്ളി അറിയിച്ചു.
ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നിരന്തരമായ സമരങ്ങളുടെ ഫലമായി 22 തിരു-കൊച്ചി ബസുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവേശിപ്പിച്ചു.
2017ല്‍ സമിതി രണ്ടാം ഘട്ട സമരപ്രഖ്യാപന സമ്മേളനം എറണാകുളത്ത് വഞ്ചി സ്‌ക്വയറില്‍ നടത്തി. വൈപ്പിന്‍കരയിലെ ജനങ്ങള്‍ ഒപ്പിട്ട ഭീമ ഹര്‍ജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എറണാകുളം ജില്ലാ കളക്ടറോട് എത്രയും വേഗം സാധ്യതാ പഠനം നടത്താനും നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ വൈപ്പിനിലെത്തി ബസ്സില്‍ യാത്ര ചെയ്ത് കാര്യങ്ങള്‍ മനസ്സിലാക്കി എത്രയും വേഗം ബസുകളുടെ നഗരപ്രവേശനം സാധ്യമാക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും നടപടിആയില്ലെന്ന സമരസമിതി പറയുന്നു.
തുടര്‍ന്ന് എംഎല്‍എ എസ്. ശര്‍മ്മയുടെ നേതൃത്വത്തില്‍ വിവിധ കക്ഷിനേതാക്കളുടെയും പഞ്ചായത്ത് നേതാക്കളുടെയും യോഗം ചേര്‍ന്ന് മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം കൊടുക്കുവാനും തീരുമാനിച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിക്ക് എസ്. ശര്‍മ്മ എംഎല്‍എ നിവേദനം നല്‍കുകയും ചെയ്തു. ഇപ്പോള്‍ ആറ് മാസം കഴിഞ്ഞിട്ടും ബസുകളുടെ നഗരപ്രവേശ വിഷയത്തില്‍ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്നും ഗോശ്രീ മുനുഷ്യാവകാശ സംരക്ഷണ സമിതി പത്രകുറുപ്പില്‍ പറയുന്നു.
















