പള്ളുരുത്തി: കേന്ദ്രസര്‍ക്കാരിന്റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ഇടക്കൊച്ചി സംസ്ഥാനപാതയുടെ സൗന്ദര്യവല്‍ക്കരണവും പഷ്ണി തോട് പാലത്തിന് സമീപത്തെ കാന വിപുലീകരണവും അട്ടിമറിക്കുന്നു. സംസ്ഥാന പാതയുടെ ഓരങ്ങള്‍ സൗന്ദര്യവല്‍ക്കരിക്കുന്നതിനും ഒഴുക്ക് നിലച്ച് ദുര്‍ഗന്ധപൂരിതമായ കാനയുടെ വീതി രണ്ട് മീറ്ററായി വര്‍ധിപ്പിക്കുന്നതുമാണ് അഞ്ചുമാസമായി മുടങ്ങി കിടക്കുന്നത്. രണ്ട് കോടി 80 ലക്ഷം രൂപയുടെതാണ് പദ്ധതി.
ജനുവരിയില്‍ ഇടക്കൊച്ചി പഷ്ണി തോട് പാലത്തിനു തെക്കുഭാഗത്ത് നിന്നും ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം വരെയുള്ള വലിയ കാന പൊളിച്ച് പണി തുടങ്ങി. എന്നാല്‍ കാനയുടെ രണ്ട് ഭാഗത്തായി സ്വകാര്യ വ്യക്തികളുടെ കയ്യേറ്റങ്ങള്‍ ഉള്ളതിനാല്‍ വീതി കൂട്ടാനായില്ല. ഇതേ തുടര്‍ന്ന് കയ്യേറ്റം ഒഴിപ്പിച്ച് കാന നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. തര്‍ക്കമുണ്ടായതോടെ കരാറുകാരന്‍ പണി നിര്‍ത്തി പോയി.
കാന പൊളിച്ച അവശിഷ്ടങ്ങളും, കോണ്‍ക്രീറ്റ് സ്ലാബുകളും നിര്‍മ്മാണത്തിനു കൊണ്ടുവന്ന കല്ലും മറ്റ് സാമഗ്രികകളുമെല്ലാം റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് സമീപവാസികള്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതം സൃഷ്ടിക്കുകയാണ്. കനത്ത വെള്ളക്കെട്ട് നേരിടുന്ന പ്രദേശമിണിവിടം. മഴക്കാലം പടിവാതിക്കല്‍ എത്തിയതോടെ പ്രദേശവാസികളും ആശങ്കയിലാണ്. അധികാരികളുടെ അവഗണനക്കെതിരെ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
















