കൊച്ചി : സംസ്ഥാനത്ത് വീണ്ടും പരിഭ്രാന്തി പരത്തി എറണാകുളത്തെ യുവാവിന് നിപയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഇടുക്കിയില്‍ നിന്നാണ് ഉറവിടമെന്ന് സംശയിക്കുന്നുണ്ട്. 28 പേര്‍ ഇനിയും നിരീക്ഷണത്തിലാണ്. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപയെന്ന് സ്ഥിരീകരിച്ചത്. തൃശൂരിലെ രണ്ട് ആശുപത്രികളും നിരീക്ഷണത്തിലാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ സെക്രട്ടറി ഇന്ന് രാവിലെ ഉന്നതതല യോഗം അടിയന്തിരമായി വിളിച്ചിട്ടുണ്ട്. എന്നാല്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം പുറത്തുവന്നിട്ടില്ല. കഴിഞ്ഞ പത്ത് ദിവസമായി രോഗിക്ക് കടുത്ത പനിയുണ്ട്. വൈറസ് ഏതെന്ന് സ്വകാര്യ ആശുപത്രിയില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്.
രോഗിക്ക് നിപാ ബാധ സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസവും വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനെതിരെ എറണാകുളം ജില്ലാ കളക്ടറും, ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്തെത്തുകയായിരുന്നു.
അതേസയമയം ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. മരുന്നുകള്‍ കഴിഞ്ഞ തവണ ഓസ്‌ട്രേലിയയില്‍ നിന്നെത്തിച്ചത് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാന്‍ സംസ്ഥാനം സുസജ്ജമാണെന്നും കെ കെ ശൈലജ അറിയിച്ചു.
കഠിനമായ ചുമയും പനിയും ഉണ്ടെങ്കില്‍ ആരും മറച്ച് വയ്‌ക്കരുത്. എത്രയും പെട്ടന്ന് ചികിത്സ തേടണം. സംശയം മാത്രമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് എന്ത് തരത്തിലുള്ള സാഹചര്യവും നേരിടാന്‍ സജ്ജമാണ്. ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാക്കി കഴിഞ്ഞു. കോണ്‍ടാക്റ്റ് ട്രെയിസിങ്ങിനുള്ള നടപടികളടക്കം ആരംഭിച്ചിട്ടുണ്ട്. നിപയാണെന്ന് കണ്ടെത്തിയാല്‍ അത് മറച്ച് വെയ്‌ക്കില്ല. നിപയാണെങ്കില്‍ അത് ഉടനെ തന്നെ ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
















