കോട്ടയം: സംസ്ഥാനത്തെ പോലീസുകാര്‍ക്ക് എട്ട് മണിക്കൂര്‍ ജോലി സ്വപ്നമായി അവശേഷിക്കുന്നു. മാറിവന്ന സര്‍ക്കാരുകള്‍ സേനയെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ എട്ട് മണിക്കൂര്‍ ജോലി സമയം വാഗ്ദാനം ചെയ്തെങ്കിലും നടപ്പായില്ല. നിലവില്‍ സംസ്ഥാനത്തെ മിക്ക സ്റ്റേഷനുകളിലും 14 മണിക്കൂറാണ് ജോലി സമയം. പോലീസുകാരുടെ മനോവീര്യവും ആരോഗ്യവും തകര്‍ക്കുന്ന ഈ അവസ്ഥയെ തുടര്‍ന്ന് സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുന്നു.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പോലീസുകാരുടെ ജോലിസമയം എട്ട് മണിക്കൂറാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ ഏതാനും സ്റ്റേഷനുകളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി. ഇവിടങ്ങളില്‍ സേനയുടെ കാര്യശേഷി മെച്ചപ്പെടുത്താനായി. എന്നാല്‍, സേനയ്ക്കുള്ളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നെറ്റിചുളിച്ചതോടെ പരിഷ്ക്കാരം തുടങ്ങിയിടത്ത് അവസാനിച്ചു.
പിണറായി സര്‍ക്കാര്‍ എട്ട് മണിക്കൂര്‍ ജോലിയോട് തുടക്കം മുതല്‍ മുഖം തിരിഞ്ഞ് നില്ക്കുന്നു. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പോലീസ് അസോസിയേഷനും ഈ ആവശ്യം നടപ്പാക്കണമെന്ന് ഉന്നയിക്കാന്‍ ധൈര്യമില്ല. ഇപ്പോള്‍ 14 മണിക്കൂറും ചിലപ്പോള്‍ അതില്‍ കൂടുതലും ജോലി ചെയ്യണം. ഇത് പോലീസുകാരെ മാനസികമായി തളര്‍ത്തുന്നതായും രോഗികളാക്കി മാറ്റുന്നതായും സേനയിലുള്ളവര്‍ പറയുന്നു. ചില സ്റ്റേഷനുകളില്‍ ആവശ്യത്തിന് കുടിവെള്ളമില്ലാത്തതും വൃത്തിഹീനമായ ശുചിമുറികളും വനിതാ പോലീസുകാര്‍ അടക്കമുള്ളവരെ ഏറെ ബുദ്ധിമുട്ടിക്കുന്നു.
ഒരുവശത്ത് പോലീസ് സ്റ്റേഷനുകള്‍ സ്മാര്‍ട്ടാക്കാനും ആധുനികവല്‍ക്കരിക്കാനുമായി കോടികള്‍ ചെലവഴിക്കുന്നു. എന്നാല്‍, സ്റ്റേഷനുകളിലെ പോലീസുകാര്‍ക്കും അവിടെയെത്തുന്ന പൊതുജനങ്ങള്‍ക്കും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനോട് മേലധികാരികള്‍ വിമുഖത കാട്ടുകയാണ്. കടുത്ത മാനസിക സമ്മര്‍ദത്തില്‍ ജോലി ചെയ്യിക്കുമ്പോള്‍ തന്നെയാണ് പോലീസ് ജനസൗഹൃദമാകണമെന്നുള്ള ഉത്തരവുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: