നാദാപുരം: കേരഫെഡ് പച്ചത്തേങ്ങ സംഭരണം ആരംഭിക്കാത്തതിനെത്തുടര്‍ന്ന് നാളികേര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. 2012ലാണ് കൃഷിഭവനുകള്‍ വഴി പച്ചത്തേങ്ങ സംഭരിക്കുന്നതിന് തുടക്കമായത്. എന്നാല്‍, പദ്ധതിയില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ദീര്‍ഘകാലത്തേക്ക് പദ്ധതി നീണ്ടില്ല.
എന്നാല്‍, കഴിഞ്ഞ വര്‍ഷം കേരഫെഡ് എംഡിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക സംഘങ്ങള്‍ വഴി കര്‍ഷകരില്‍ നിന്ന് പച്ച തേങ്ങ സംഭരിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. കൃഷി വകുപ്പ് ഉത്തരവുമിറക്കി. വിശദമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കൃഷി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. എന്നാല്‍ പിന്നീട് ഒന്നിലും തുടര്‍ നടപടി ഉണ്ടായില്ല.
ഈ അവസരം തമിഴനാട്ടിലെയും കര്‍ണാടകത്തിലെയും വെളിച്ചെണ്ണ കമ്പനികള്‍ മുതലെടുക്കുന്നു. പച്ചത്തേങ്ങയുടെ വില കിലോയ്‌ക്ക് 45 രൂപയില്‍ നിന്ന് കുത്തനെ താഴേക്ക് പോകാന്‍ കാരണം സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ സമീപനമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. എന്നാല്‍, തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കെത്തുന്ന വെളിച്ചെണ്ണ കൂടിയ വില കൊടുത്ത് വാങ്ങുകയാണ് മലയാളികള്‍.
പച്ചത്തേങ്ങ പൊതിക്കാതെ നല്‍കിയാല്‍ കര്‍ഷകന് ലഭിക്കുന്നത് കിലോയ്‌ക്ക് പത്ത് രൂപയ്‌ക്ക് താഴെ മാത്രം. എന്നാല്‍, തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമെത്തുന്ന ഇളനീരിന് 35 രൂപ നല്‍കണം. കേരളത്തില്‍ ലഭിക്കുന്ന ഇളനീരിന്റെ ഗുണനിലവാരമോ രുചിയോ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇളനീരിനില്ല.
















