തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 25 കിലോ സ്വര്‍ണ്ണം പിടികൂടിയതിന് പിന്നാലെയാണിത്. കാരിയര്‍മാരായി ഉപയോഗിക്കുന്നത് യുവ കലാകാരന്മാരേയും വിസിറ്റിങ് വിസയില്‍ യാത്രചെയ്യുന്നവരേയുമാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. സിനിമ, സീരിയല്‍ രംഗത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
വിദേശ രാജ്യങ്ങളില്‍ നടക്കുന്ന കാലാപരിപാടികളില്‍ പങ്കെടുപ്പിക്കാനായാണ് യുവ കലാകാരന്മാരെ കേരളത്തില്‍ നിന്ന് ദുബായ്, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്ക് ചലച്ചിത്രമേഖലയില്‍ ഉള്ളവര്‍ കൊണ്ടുപോകുന്നത്. തിരികെ കേരളത്തിലേയ്ക്ക് വരുമ്പോഴാണ് ഇവരെ കാരിയര്‍മാരായി സ്വര്‍ണ്ണക്കടത്ത് സംഘം ഉപയോഗിക്കുന്നത്.
ഇതില്‍ പലരും തങ്ങള്‍ സ്വര്‍ണ്ണം കടത്തുന്ന കാരിയര്‍മാരാണെന്ന് അറിയുന്നില്ല. സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍പ്പെട്ടവര്‍ ഇവര്‍ക്ക് പൊതികള്‍ കൈമാറും. നിങ്ങള്‍ വിമാനമിറങ്ങുമ്പോള്‍ ഒരാള്‍ വന്ന് വാങ്ങും എന്ന് ഇവരോട് പറയും. ഇത് എന്താണെന്ന് അന്വേഷിക്കുന്നവരേയും സാധനങ്ങള്‍ കൊണ്ടുപോകാന്‍ വിസമ്മതിക്കുന്നവരെയും ഭീഷണിപ്പെടുത്തും. വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇവര്‍ക്ക് സാധനങ്ങള്‍ കൈമാറുന്നത്. ഇവരെ നിരീക്ഷിക്കാനായി മറ്റൊരു സംഘവും വിമാനത്തിലുണ്ടാകും. ഇങ്ങനെ എത്തുന്ന സംഘത്തെ തിരുവനന്തപുരം, കരിപ്പൂര്‍ പോലുള്ള വിമാനത്താവളങ്ങളില്‍ ഉദ്യോഗസ്ഥരും സഹായിക്കുന്നുണ്ട്. എല്ലാ മേഖലയിലുള്ളവരും ഉള്‍പ്പെട്ട വന്‍സംഘമാണ് സ്വര്‍ണ്ണക്കടത്തിന് പിന്നില്‍.
വിസിറ്റിങ് വിസയില്‍ പോകുന്ന സാധാരണക്കാരെയും ഇവര്‍ കാരിയര്‍മാരായി ഉപയോഗിക്കുന്നതായാണ് വിവരം. ഇതിനായി വന്‍ സംഘം തന്നെ വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണക്കാരായ ജനങ്ങളുമായി അടുപ്പം പുലര്‍ത്തുന്ന സംഘം വിമാനത്തില്‍ വച്ചുതന്നെ ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ബന്ധപ്പെടേണ്ട നമ്പര്‍ വിദഗ്ധമായി കരസ്ഥമാക്കുകയും ചെയ്യും. ഇവരുടെ വിസിറ്റിങ് വിസയുടെ കാലാവധിയും സംഘം മനസ്സിലാക്കിയിരിക്കും.
നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി സ്വര്‍ണ്ണക്കടത്ത് സംഘം ഇവരുടെ വിശ്വാസം ആര്‍ജിക്കും. തുടര്‍ന്ന് ഇവര്‍ കേരളത്തിലേയ്ക്ക് വരുന്നതിന് മുമ്പ് ഒരു സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് സമീപിക്കും. ഇവര്‍ വഴിയും സ്വര്‍ണ്ണം കേരളത്തിലേയ്ക്ക് കടത്തുന്നുണ്ട്. ഇങ്ങനെ കടത്തുമ്പോള്‍ പിടിക്കപ്പെട്ടാലും സ്വര്‍ണ്ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു പോകില്ല എന്നതിനാലാണ് ഈ വഴി തെരഞ്ഞെടുത്തതെന്നാണ് വിവരം. വലിയ തോതില്സ്വര്ണ്ണം കടത്തുമ്പോള്‍ മാത്രമാണ് സംഘത്തിലുള്ളവര്‍ നേരിട്ട് പങ്കെടുക്കുന്നതെന്നാണ് വിവരം. കരിപ്പൂരും തിരുവനന്തപുരത്തും പരിശോധന കര്‍ശനമാക്കിയപ്പോള്‍ സ്വര്‍ണ്ണക്കടത്ത് സംഘം കണ്ണൂര്‍ വിമാനത്താവളം കേന്ദ്രമാക്കിയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: