ന്യൂദല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നാളെ സിയാച്ചിന്‍ സന്ദര്‍ശിക്കും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഖലയാണ് ഇന്ത്യ- പാക് അതിര്‍ത്തിയിലുള്ള സിയാച്ചിന്‍. പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ ശേഷം ദല്‍ഹിക്ക് പുറത്തേക്കുള്ള രാജ്‌നാഥ് സിങിന്റെ ആദ്യ സന്ദര്‍ശനമാണിത്.
കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും മറ്റ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കും. സിയാച്ചിനില്‍ കരസേനയും വായുസേനയും തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രിയോട് വിശദീകരിക്കും.
ഇന്നലെ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ രാജ്‌നാഥ് സിങ് സൈനിക തലവന്മാരുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഏത് ആക്രമണത്തെയും നേരിടാന്‍ സൈന്യം സജ്ജമായിരിക്കണമെന്ന് അദ്ദേഹം സേനാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. അതിര്‍ത്തി സംരക്ഷണമടക്കമുള്ള കാര്യങ്ങള്‍ സൈനിക തലവന്മാരുമായി ചര്‍ച്ച ചെയ്തു.
ദേശീയ യുദ്ധ സ്മാരകത്തില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച ശേഷമാണ് രാജ് നാഥ് സിങ് ചുമതലയേറ്റത്.
















