തിരുവനന്തപുരം: ഈ മാസം എട്ടിന് ഗുരുവായൂരിൽ ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രാ പ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിലും ദർശനം നടത്തും. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് തിരുപ്പതി ദേവസ്വത്തിന് ലഭിച്ചു.
ഗുരുവായൂരിൽ ദർശനം നടത്തിയ ശേഷം ജൂൺ ഒമ്പതിനാണ് പ്രധാനമന്ത്രി തിരുപ്പതിയിലെത്തുക. വൈകീട്ട് 4 മണിയോടെ റേനി ഗുണ്ട വിമാനത്താവളത്തിലെത്തുന്ന മോദി തുടർന്ന് റോഡ് മാർഗം ക്ഷേത്രത്തിലേക്കെത്തും. കേന്ദ്രമന്ത്രി പീയുഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകുമെന്നാണ് സൂചന.
പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ ദർശനത്തിനെത്തുന്നത്. തുലാഭാരം അടക്കം ഗുരുവായൂരപ്പന് പ്രിയപ്പെട്ട എല്ലാ വഴിപാടുകളും പ്രധാനമന്ത്രി നടത്തും. രണ്ടാംതവണ പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ കേരള സന്ദർശനമാണിത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2008 ജനുവരിയിൽ മോദി ഗുരുവായൂരിലെത്തിയിരുന്നു.
















